ന്യൂ ഡെൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങൾ വാങ്ങുന്നതിനുള്ള മാർഗരേഖ തയ്യാറാക്കാൻ ആറുമാസത്തെ സമയം കൂടി വേണമെന്ന് ജസ്റ്റിസ് കെ.ടി. ശങ്കരൻ. സുപ്രീം കോടതിയോടാണ് സമയം നീട്ടി നൽകണമെന്ന് ജസ്റ്റിസ് ശങ്കരൻ ആവശ്യപ്പെട്ടത്. ആവശ്യം നാളെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പൂജാസാധനങ്ങൾ വാങ്ങുന്നതിനുള്ള മാർഗരേഖ തയ്യാറാക്കാൻ ജസ്റ്റിസ് കെ.ടി. ശങ്കരനെ ചുമതലപ്പെടുത്തിയത്. തങ്ങളുടെ കീഴിലുള്ള 1200-ഓളം ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങൾ കേന്ദ്രീകൃത സംവിധാനത്തിൽനിന്ന് വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആയിരുന്നു സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
കേന്ദ്രീകൃത സംവിധാനത്തിലൂടെ പൂജാസാധനങ്ങൾ വാങ്ങുക അപ്രായോഗികമായ കാര്യമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗുണമേന്മയുള്ള പൂജാസാധനങ്ങൾ വാങ്ങാൻ എന്തൊക്കെ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം എന്നത് സംബന്ധിച്ച മാർഗരേഖ തയ്യാറാക്കാനാണ് ജസ്റ്റിസ് കെ.ടി. ശങ്കരനെ സുപ്രീം കോടതി ചുമതലപ്പെടുത്തിയിരുന്നത്.