കുട്ടികളില്‍ ന്യൂറോ സംബന്ധമായ രോഗങ്ങൾ കൂടി വരുന്നു: ശിശുരോഗ വിദഗ്ദർ

കൊച്ചി : ശിശുമരണ നിരക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെങ്കിലും കുട്ടികളില്‍ ന്യൂറോ സംബന്ധമായ രോഗങ്ങൾ കൂടി വരുന്നതായി ശിശുരോ വിദഗ്ദരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പ്രീഡിയാട്രിക്‌സ് കേരള ഘടകം (ഐഎപി). ഓട്ടിസം, ഹൈപ്പര്‍ ആക്റ്റിവിറ്റി, പഠനവൈകല്യം തുടങ്ങി ബുദ്ധി വികാസത്തെ പ്രതികൂലമായി ബാധിക്കുന്ന ന്യുറോ സംബന്ധമായ രോഗങ്ങളും തൂക്കക്കുറവ്, അമിത വണ്ണം എന്നീ പ്രതിഭാസങ്ങളും കേരളത്തിലെ കുട്ടികളില്‍ ഏറിവരുകയാണെന്ന് അക്കാദമി ഓഫ് പ്രീഡിയാട്രിക്‌സ് വാര്‍ഷിക സമ്മേളനം വിലയിരുത്തി.

ഇവയെ ഫലപ്രദമായി നേരിടുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ ഐഎപി കേരള ഘടകം ആവിഷ്‌കരിക്കും. ഇന്ത്യയിലെ 80 ശതമാനം കുട്ടികളിലും കൊറോണ ആന്റിബോഡി കണ്ടെത്തിയതിനാല്‍ ഭൂരിഭാഗം കുട്ടികള്‍ക്കും കൊറോണ വന്നുപോയിട്ടുണ്ടാകാം. ഈ സാഹചര്യത്തിൽ സാര്‍വ്വത്രിക വാക്‌സിനേഷനു പകരം അനുബന്ധ രോഗമുള്ള കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള വാക്‌സിനേഷന്‍ കര്‍മ്മ പദ്ധതികളാണ് ഇനി ആവിഷ്‌കരിക്കേണ്ടതെന്നും യോഗം വിലയിരുത്തി.

കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന ഐഎപി കേരളയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷവും വാര്‍ഷിക സമാപന സമ്മേളനവും പ്രസിഡന്റ് ഡോ. എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.വിവിന്‍ അബ്രാഹം, ഡോ.എം.ഐ.ജുനൈദ് റഹ്മാന്‍, ഡോ. മുഹമ്മദ് ഇസ്മയില്‍, ഡോ. എം.നാരായണന്‍, ഡോ. സണ്ണി സെബാസ്റ്റിയന്‍, ഡോ. ഒ.ജോസ്, ഡോ. അബ്രാഹം കെ.പോള്‍, ഡോ.എസ്.സച്ചിദാനന്ദ കമ്മത്ത്, ഡോ.ജീസണ്‍ സി ഉണ്ണി, ഡോ. ടി.വി.രവി, ഡോ.എം.എ നൗഷാദ്, ഡോ. രേഖ സഖറിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.