രാജ്കോട്ട്: വാക്സിൻ എടുത്താൽ 50,000 രൂപയുടെ സ്മാർട്ട് ഫോൺ ലഭിക്കും. വെറും പാഴ്വാക്കല്ല.രാജ്കോട്ട് മുൻസിപ്പൽ കോർപ്പറേഷൻ്റെ പ്രഖ്യാപനമാണിത്. കൊറോണ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മെഗാ വാക്സിനേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായാണ് വാക്സിൻ സ്വീകരിക്കുന്നവർക്ക് 50,000 രൂപയുടെ സ്മാർട്ട് ഫോൺ സമ്മാന പദ്ധതി പ്രഖ്യാപിച്ചത്.
ഡിസംബർ നാലിനും പത്തിനുമിടയിലുള്ള ദിവസങ്ങളിൽ രണ്ടാമത്തെ കൊറോണ വാക്സിൻ ഡോസ് സ്വീകരിക്കുന്ന ഭാഗ്യശാലിയായ നറുക്കെടുപ്പ് വിജയിക്ക് 50,000 രൂപയുടെ സ്മാർട്ട് ഫോണാണ് ലഭിക്കുക. മുന്‍സിപ്പല്‍ കമ്മീഷണര്‍ അമിത് അറോറയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കൂടാതെ, കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ നൽകുന്ന ആരോഗ്യ കേന്ദ്രത്തിന് നഗരസഭ 21,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്കോട്ടിൽ ഇനി 1.82 ലക്ഷം പേര് രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കാനുണ്ട്.