തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊറോണ വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുറത്തുവിട്ടു. ആദ്യഘട്ടത്തിൽ കണക്കെടുത്തപ്പോൾ അയ്യായിരത്തോളം അധ്യാപകർ വാക്സിനെടുക്കാതിരുന്നത് ഇപ്പോൾ 1707 പേരായി കുറഞ്ഞു. വാക്സിനെടുക്കാത്ത അധ്യാപക-അനധ്യാപകർ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണ്-മന്ത്രി വാർത്താസമ്മേളനത്തി പറഞ്ഞു.
ആദ്യഘട്ടത്തിൽ അയ്യായിരത്തോളം അധ്യാപകരാണ് കേരളത്തിൽ വാക്സിൻ എടുക്കാതിരുന്നത്. ഇക്കാര്യം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചശേഷം പൊതുസമൂഹത്തിൽ വലിയ ചർച്ചയുണ്ടായി. കൂടൂതൽ പേർ വാക്സിൻ എടുക്കാൻ തയ്യാറായി. 1707 പേർ മാത്രമാണ് ഇനി വാക്സിൻ എടുക്കാനുള്ളത്.
എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിൻ എടുക്കാനുണ്ട്. ഹയർസെക്കൻഡറിയിൽ 200 അധ്യാപകരും 23 അനധ്യാപകരും വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 229 അധ്യാപകരും വാക്സിൻ എടുക്കാനുണ്ട്.