മുംബൈ: ദേശീയ തലത്തിൽ കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള ബംഗാൾ മുഖ്യമന്ത്രി മമതാ ബനാർജിയുടെ പ്രതിപക്ഷ സഖ്യനീക്കങ്ങൾക്കെതിരെ ശിവസേന. മുഖപത്രമായ സാമ്നയിലാണ് തൃണമൂൽ അധ്യക്ഷ മമത ബാനർജിയുടെ നീക്കങ്ങളെ ശിവസേന വിമർശിച്ചത്. യുപിഎയ്ക്ക് ബദലായി ഒരു സഖ്യമുണ്ടാക്കിയാൽ അത് ബിജെപിയ്ക്കാണ് ഗുണമാവുകയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
പ്രാദേശിക കക്ഷികളെ ഒപ്പം നിർത്തി പ്രതിപക്ഷസഖ്യനീക്കത്തിനുള്ള ശ്രമത്തിലാണ് മമത ബാനർജി.
ഇതിന്റെ ഭാഗമായി മുംബൈയിലെത്തി ശിവസേനയുടേയും എൻസിപിയുടേയും നേതാക്കളെയും കണ്ടു. എന്നാൽ മമതയുടെ നീക്കത്തിന് പിന്തുണയില്ലെന്നാണ് മുഖപ്രസംഗം സൂചന നൽകുന്നത്. മമതയുടെ നീക്കങ്ങൾ ബിജെപിക്കാണ് ഗുണമാവുകയെന്ന് ഓർമപ്പെടുത്തുകയാണ് മഹാരാഷ്ട്രയിൽ കോൺഗ്രസിന്‍റെ സഖ്യകക്ഷികൂടിയായ ശിവസേന.
കോൺഗ്രസ് ഒരു 100 സീറ്റിലെങ്കിലും ജയിച്ചില്ലെങ്കിൽ രാജ്യത്ത് ഒരിക്കലും ഭരണമാറ്റമുണ്ടാവില്ല. യുപിഎയ്ക്ക് ബദൽ ആലോചിക്കുന്നത് ബിജെപിക്കാണ് ഗുണമാവുക. ബംഗാളിൽ മമത കോൺഗ്രസിനെയും ഇടത് പാർട്ടികളെയും ബിജെപിയെയും തോൽപിച്ചു. പക്ഷെ ദേശീയ തലത്തിലെ സമീപനം മാറണം. യുപിഎയെ നയിക്കാൻ ആർക്കാണ് അവകാശമെന്ന് ഭാവികാലം തീരുമാനിക്കട്ടെയെന്നും സേന മുഖപ്രസംഗത്തിൽ പറയുന്നു.
നേരത്തെ മഹാരാഷ്ട്രയിൽ കോൺഗ്രിന്‍റെ മറ്റൊരു സഖ്യകക്ഷിയായ എൻസിപിയും കരുതലോടെയാണ് മമതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. ചുരുക്കത്തിൽ നേതൃസ്ഥാനത്ത് നിന്ന് കോൺഗ്രസിനെ ഒഴിവാക്കിയുള്ള കൂട്ടായ്മ ലക്ഷ്യമിട്ട് മമത നടത്തിയ മുംബൈ സന്ദർശനം പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ലെന്നാണ് സൂചന.
പശ്ചിമബംഗാളിലെ വൻ വിജയത്തിന്‍റെ ചുവട് പിടിച്ച് പ്രതിപക്ഷ മുന്നണിയിൽ കോൺഗ്രസിന് ബദലാകാനാണ് മമത ശ്രമിക്കുന്നത്. ഇതിനുള്ള തന്ത്രങ്ങളാണ് മമത മെനയുന്നത്. കോൺഗ്രസിനെതിരായ വിമർശനങ്ങളും ഇതിന്റെ ഭാഗമാണ്. എന്നാൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തെ തകർക്കുന്നതാണ് മമത ബാനർജിയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങളെന്നാണ് കോൺഗ്രസ് നേതാക്കളുടെയും വിമർശനം. മമതയുടെ നീക്കങ്ങളെ സഹിഷ്ണുതയോടെ നോക്കിക്കണ്ട കോൺഗ്രസ്, യുപിഎ ഇല്ലാതായെന്ന മമതയുടെ പരാമർശത്തോടെയാണ് തിരിച്ചടിച്ച് തുടങ്ങിയിട്ടുണ്ട്.