തിരുവനന്തപുരം: വിവാദങ്ങൾ തിരികൊളുത്തിയ പീഡന പരാതിയിൽ വഴിത്തിരിവ്. കടയ്ക്കാവൂരിൽ പതിമൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്നു കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസ് നടപടികൾ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി കെ.വി.രജനീഷിന്റെതാണ് ഉത്തരവ്.
പീഡന പരാതി വ്യാജമാണെന്നു കാട്ടി 2021 ജൂൺ 16നാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. ഇത് അംഗീകരിക്കുന്നതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച ഹർജികൂടി പരിഗണിച്ച ശേഷമാണ് ഉത്തരവിറക്കിയത്. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രത്യേക മെഡിക്കൽ സംഘമാണ് വൈദ്യപരിശോധന നടത്തിയത്. പരിശോധനയിൽ പീഡനം നടന്നതിന്റെ തെളിവുകൾ ലഭിച്ചില്ല.
അമ്മയ്ക്കെതിരെ കുറ്റപത്രം സമർപ്പിക്കുവാനുള്ള തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിക്കാൻ റിപ്പോർട്ട് സമർപ്പിച്ചത്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന മകന്റെ പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കേസെടുത്തത്. 2020 ഡിസംബർ 28ന് അമ്മയെ അറസ്റ്റ് ചെയ്‍തു. വ്യക്തി വിരോധത്താൽ മുൻ ഭർത്താവാണ് മകനെക്കൊണ്ട് നിർബന്ധിച്ച് മൊഴി നൽകിപ്പിച്ചതെന്നായിരുന്നു അമ്മയുടെ വാദം.
കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടും പോക്‌സോ കോടതി നടപടി എടുക്കാത്തതിനാൽ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി കേസ് വേഗത്തിൽ അവസാനിപ്പിക്കണം എന്ന ഉത്തരവ് പോക്‌സോ കോടതിക്കു നൽകി. സർക്കാരിനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജെ.കെ.അജിത് പ്രസാദ് ഹാജരായി.