ലഖ്നൗ: ലക്നവിലെ വ്യോമ സേനാ താവളത്തിന് സമീപത്ത് നിന്ന് യുദ്ധ വിമാനത്തിന്‍റെ ടയറുകള്‍ മോഷണം പോയി. മിറാജ് യുദ്ധ വിമാനത്തിന്‍റെ ടയറുകളാണ് മോഷണം പോയത്. ലക്നൌവ്വിലെ ബക്ഷി കാ തലാബ് വ്യോമ സേനാ താവളത്തില്‍ നിന്ന് ജോധ്പൂരിലെ വ്യോമ സേനാ താവളത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ടയറുകളാണ് മോഷണം പോയത്. നവംബര്‍ 27നായിരുന്നു മോഷണം നടന്നത്. സൈന്യത്തിന്‍റെ സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്ന കണ്‍സൈന്‍മെന്‍റിലാണ് മോഷണം നടന്നത്.
നവംബര്‍ 27 ന് രാത്രി ലക്നൌവ്വിന് സമീപത്തുള്ള ഷഹീദ് പഥിന് സമീപത്തുവച്ചായിരുന്നു മോഷണം നടന്നത്. സൈനിക ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ ട്രെക്കില്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് ട്രെക്ക് ഡ്രൈവര്‍ ഹേം സിംഗ് റാവത്ത് പറയുന്നു. ബക്ഷി കാ തലാബില്‍ നിന്നുള്ളതായിരുന്നു ട്രെക്കെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി.
ഷഹീദ് പഥിന് സമീപത്ത് വച്ച് ഗതാഗതക്കുരുക്ക് ഉണ്ടായ സമയത്ത് സ്കോര്‍പിയോ വാഹനത്തിലെത്തിയ ഏതാനും പേര്‍ ട്രെക്കില്‍ കയറി മോഷണം നടത്തിയെന്നാണ് ഡ്രൈവറുടെ മൊഴി. ടയറുകള്‍ കെട്ടി വച്ചിരുന്ന കെട്ട് അറുത്തായിരുന്നു മോഷണം. മോഷണ വിവരത്തേക്കുറിച്ച് അറിഞ്ഞ് വന്നപ്പോഴേക്കും കള്ളന്മാര്‍ കടന്നുകളഞ്ഞിരുന്നു.
ഇതോടെയാണ് ട്രെക്ക് ഡ്രൈവര്‍ പൊലീസ് സഹായം തേടിയത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി 12.30 മുതല്‍ 1 മണി വരെ ഗതാഗതക്കുരുക്കിലായിരുന്നുവെന്നാണ് ട്രെക്ക് ഡ്രൈവറുടെ മൊഴി. ഈ സമയത്ത് വളരെ പതുക്കെയാണ് വാഹനങ്ങള്‍ മുന്നോട്ട് പോയിരുന്നത്.
സംഭവത്തില്‍ പ്രതികളെ ഉടനെ പിടികൂടുമെന്ന് ഡിസിപി അമിത് കുമാര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. മിറാജ് 2000 യുദ്ധ വിമാനത്തിന്‍റെ അഞ്ച് ടയറുകളാണ് ലക്നൌവ്വില്‍ നിന്ന് ട്രെക്ക് മാര്‍ഗം ജോധ്പൂരിലേക്ക് അയച്ചത്. ഇതില്‍ ഒരുടയറാണ് മോഷണം പോയത്.