കാഞ്ഞിരപ്പള്ളിയിൽ ഭിന്നശേഷിക്കാർക്കായി സമഗ്ര ചികിത്സാകേന്ദ്രം

കാഞ്ഞിരപ്പള്ളി : ഭിന്നശേഷിക്കാരായ കുട്ടികളെ നേരത്തെ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ ചികിത്സകൾ യഥാവിധി നൽകിയാൽ അവരെ സമൂഹത്തിന്റെ മുഖ്യസാധാരയിലേക്ക് എത്തിക്കുവാൻ കഴിയും. എന്നാൽ ഇതേപ്പറ്റിയുള്ള അറിവ് ഇല്ലാതെയും ശരിയായ ചികിത്സ കേന്ദ്രങ്ങളുടെ അഭാവം മൂലവും നിരവധി ജന്മങ്ങളാണ് പ്രയോജനമില്ലാതെ പോകുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ് കാഞ്ഞിരപ്പള്ളിയിൽ തുടക്കം കുറിച്ച് റീജണൽ സെൻറർ ഫോർ ഡെവലപ്മെൻ്റൽ ഡിസബ ലിറ്റീസ് ( RCDD).

ഭിന്നശേഷിക്കാരുടെ അവസ്ഥാനിർണ്ണയം, നേരത്തേയുള്ള ഇടപെടൽ, ചികിത്സ, സഹായ ഉപകരണങ്ങളിലൂടെ പ്രത്യേക ചികിത്സയും പരിശീലനവും, വിദ്യാഭ്യാസം, സാമൂഹിക ഉൾച്ചേരൽ, സ്വയം സംരക്ഷണം, സാമൂഹിക അവബോധം, ഭിന്നശേഷി സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളെ സ്വയം പര്യാപ്തരാക്കുകയാണ് അത്യാധുനിക സൗകര്യങ്ങളുടെ സഹായത്തോടെ ഈ സെന്റർ ലക്ഷ്യമിടുന്നത്. സ്വന്തം വീടുകളിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി മാതാപിതാക്കൾക്ക് വേണ്ടി ഹോം തെറാപ്പി റിസർച്ച് യൂണിറ്റും ഇവിടെ ആരംഭിക്കാൻ പദ്ധതിയുണ്ട്.

ഗവൺമെൻ്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎൽഎയുമായ ഡോ എൻ ജയരാജ് ചെയർമാനും, കെ രാജേഷ് ജനറൽ സെക്രട്ടറിയും, പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ലിറ്റി സി. തോമസ് ട്രഷററുമായി രൂപീകരിച്ച കേരള ചൈൽഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മണ്ണാറക്കത്ത് പാങ്ങപ്പാട്ട് പൈതൃക ഭവനത്തിലാണ് റീജണൽ സെൻറർ ഫോർ ഡെവലപ്മെൻ്റൽ ഡിസബ ലിറ്റീസ് ( RCDD) ആരംഭിച്ചത്.