തിരുവല്ലയിൽ സിപിഎം നേതാവ് സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചാം പ്രതിയും അറസ്റ്റിൽ

പത്തനംതിട്ട: സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചാം പ്രതിയും അറസ്റ്റിൽ. മറ്റു നാല് പ്രതികളെയും ഇന്നലെ പിടികൂടിയിരുന്നു. ആലപ്പുഴ ജില്ലയിലെ എടത്വയിൽ നിന്നാണ് അഭി അറസ്റ്റിലായത്. ഇതോടെ സന്ദീപ് വധത്തിലെ മുഴുവൻ പ്രതികളും പിടിയിലായി.

സംഭവവുമായി ബന്ധപ്പെട്ട് ചാത്തങ്കരി കണിയാംപറമ്പിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), കാവുംഭാഗം വേങ്ങൽ നന്ദു ഭവനിൽ നന്ദു (24), കണ്ണൂർ ചെറുപുഴ മരുത്തംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ(22) എന്നിവരെ ഇന്നു പുലർച്ചെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ആദ്യ മൂന്നു പേരെയും ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന്റെ സൂത്രധാരൻ ജിഷ്ണുവാണെന്നാണ് പ്രഥമീക പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

പ്രതി ജിഷ്ണു മുഹമ്മദ് ഫൈസലിനെ ജയിലിൽ വച്ചാണ് പരിചയപ്പെട്ടത്. ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവരാണ് പിടിയിലായവരെല്ലാം. നേരത്തെ ജയിലിലും കിടന്നിട്ടുണ്ട്. വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയിൽ തടഞ്ഞാണ് ആക്രമിച്ചത്.

നിലതെറ്റി റോഡിൽ വീണ സന്ദീപ് എഴുന്നേൽക്കുന്നതിനിടെ കുത്തിവീഴ്‌ത്തി. നെഞ്ചത്തും പുറത്തുമായി നിരവധി കുത്തേറ്റു. കൈയ്ക്കും കാലിനും വെട്ടുമുണ്ട്. വ്യാഴം രാത്രി എട്ടോടെ വീടിന് അടുത്ത് ചാത്തങ്കേരി എസ്എൻഡിപി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്തായിരുന്നു ആക്രമണം.

രാഷ്ട്രീയ സംഘർഷം തീരെയില്ലാത്ത പ്രദേശത്താണ് ആസൂത്രിത ആക്രമണം. കൊലപാതകത്തിന് പിന്നിൽ സിപിഎം ക്വട്ടേഷൻ സംഘമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ എ.വിജയരാഘവനും സിപിഎം നേതൃത്വവും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് സിപിഎം സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സിപിഎം നേതാക്കൾ ആർഎസ്എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ അംഗീകരിക്കാതെ ഉൾപ്പാർട്ടി പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പെരിയ ഇരട്ടക്കൊലയിൽ മുൻ എംഎൽഎയെ സിബിഐ പ്രതി ചേർത്തതോടെ പ്രതിരോധത്തിലായ സിപിഎമ്മും സർക്കാരും ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള വ്യഗ്രതയിലാണ്.

തുടർച്ചയായ കൊലപാതകങ്ങളും ഭീകരവാദ പ്രവർത്തനങ്ങളും കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്ന് അടിവരയിടുന്നതായും സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് കൊല്ലപ്പെട്ട സംഭവത്തിൽ ആർഎസ്എസിനോ സംഘ പരിവാർ സംഘടനകൾക്കോ യാതൊരു ബന്ധവും ഇല്ലെന്ന് ജില്ലാ കാര്യവാഹ് ജി. രജീഷും പറഞ്ഞു. സംഭവം ആർഎസ്എസിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.

കൊലപാതകത്തെ ജില്ലാ കാര്യസമിതി ശക്തമായി അപലപിക്കുന്നു. ആർഎസ്എസിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. സംഭവത്തിൽ ശരിയായ അന്വേഷണം നടത്തി കൊലയ്ക്ക് പിന്നിലുള്ള ശക്തികളെ വെളിച്ചത്തുകൊണ്ടുവരണം. മാധ്യമങ്ങൾ ശരിയായി അന്വേഷിച്ച് ഉത്തരവാദിത്തത്തോടെ വാർത്ത റിപ്പോർട്ട് ചെയ്യണമെന്നും രജീഷ് കൂട്ടിച്ചേർത്തു. ബിജെപി ജില്ലാ അധ്യക്ഷൻ വി.എ. സൂരജും കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം സന്ദീപിന്റേത് രാഷ്ട്രീയക്കൊലപാതകമല്ല, വ്യക്തിവൈരാഗ്യം മൂലമാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ അറസ്റ്റിലായ പ്രതികളും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസും സൂചന നൽകുന്നു. ഇന്ന് പുലർച്ചയോടെയാണ് നാല് പ്രതികൾ അറസ്റ്റിലായത്. പെരിങ്ങര സ്വദേശികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരും കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസലുമാണ് പിടിയിലായത്. ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവരാണ് പിടിയിലായവരെല്ലാം. നേരത്തെ ജയിലിലും കിടന്നിട്ടുണ്ട്. ജയിലിൽ വച്ചാണ് ജിഷ്ണു മുഹമ്മദ് ഫൈസലിനെ പരിചയപ്പെടുന്നത്. ആർഎസ്എസ് പ്രവർത്തകരാണ് കൊലയ്ക്കു പിന്നിലെന്ന് വരുത്തി തീർക്കാർ സിപിഎം നീക്കം നടത്തിയെങ്കിലും പ്രതികൾ അറസ്റ്റിലായതോടെ വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പുറത്തുവരികയായിരുന്നുവെന്ന് പരിവാറുകാർ വിശദീകരിക്കുന്നു.

27 വർഷത്തിന് ശേഷം പെരിങ്ങര പഞ്ചായത്ത് ഭരണം എൽഡിഎഫ് തിരിച്ചുപിടിച്ചതിൽ സന്ദീപിന്റെ പങ്ക് നിർണായകമായിരുന്നു. പ്രദേശത്ത് നിരവധി ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ചേർന്നിരുന്നു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ കണാപറമ്പിൽ ജിഷ്ണു അടക്കമുള്ള അഞ്ചംഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.