തിരുവനന്തപുരം: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതും ആയിരുന്നെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നാടാര്‍ ജനവിഭാഗത്തെ വഞ്ചിച്ച മുഖ്യമന്ത്രി മാപ്പുപറയണം.
102-ാം ഭരണഘടാ ഭേദഗതിയനുസരിച്ച് ഏതെങ്കിലുമൊരു വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇല്ലെന്നും വ്യക്തമായ നിയമോപദേശം ലഭിച്ചതുകൊണ്ടാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുക്കാതിരുന്നത്. എന്നാല്‍ ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 2021 ഫെബ്രുവരി ആറിന് ഉത്തരവിറക്കിയത്. ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്ന് അന്നേ വ്യക്തമായിരുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
ഫെബ്രുവരിയിലെ ഉത്തരവ് പിന്‍വലിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താന്‍ അധികാരം നല്കുന്ന ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയ പശ്ചാത്തലത്തില്‍ പുതിയ ഉത്തരവ് ഇറക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതിന്റെ പ്രായോഗികവും നിയമപരവുമായ വശങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.