കൊടുങ്ങല്ലൂർ: എസ് ഐയുടെ നേതൃത്വത്തിൽ പോലീസുകാർ തൻ്റെ വാടക വീടിന് നേരെ കല്ലെറിഞ്ഞെന്ന് മുൻ മജിസ്ട്രേട്ട്. ‘ഒരു മജിസ്ട്രേട്ടിനു കിട്ടാത്ത എന്തു നീതിയാണ് നിയമ വിദ്യാർഥിനിക്കും സാധാരണക്കാരനും കിട്ടുക?’ എന്ന് കൊടുങ്ങല്ലൂരിൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആയിരുന്ന എസ്. സുദീപ് ചോദിക്കുന്നു. ഫെയ്സ്ബുക് പോസ്റ്റിലാണ് ഈ വെളിപ്പെടുത്തൽ.
നിയമ വിദ്യാർഥിനിയായ മോഫിയ പർവീണിന്റെ മരണത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. എസ്ഐയുടെ നേതൃത്വത്തിൽ കല്ലെറിഞ്ഞതിനെക്കുറിച്ചാണ് പോസ്റ്റ്. പല തവണ വാറന്റ് അയച്ചിട്ടും ഹാജരാകാത്ത എസ്ഐയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനെ തുടർന്നായിരുന്നു ആക്രമണം.
സംഭവത്തെക്കുറിച്ച് പൊലീസിനു പരാതി നൽകുകയും പകർപ്പ് ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും അയയ്ക്കുകയും ചെയ്തു. പൊലീസ് ആരെയും പ്രതിസ്ഥാനത്ത് ചേർത്തില്ലെന്നും കേസിന് എന്തു സംഭവിച്ചെന്ന് 16 വർഷങ്ങൾ കഴിഞ്ഞിട്ടും അറിയിച്ചിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു.
‘പ്രതികളായി സംശയിക്കുന്നവരുടെ പേര് ഇര പറഞ്ഞാൽ, അവരെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നും അതിനു ശേഷം കേസ് എഴുതിത്തള്ളിയാൽ ഇരയ്ക്കു റഫർ നോട്ടിസ് നൽകണമെന്നുമുള്ള സാമാന്യ നീതി മജിസ്ട്രേട്ടിനു കിട്ടിയില്ലെങ്കിൽ, സാധാരണക്കാരന് എന്തു കോപ്പാണ് സർ ഈ പൊലീസിൽ നിന്നു കിട്ടുക?’ എന്നു ചോദിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.