തിരുവനന്തപുരം: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട എന്നതടക്കം ശബരിമലയിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. 18 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഐ ഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. പത്ത് വയസിന് താഴെ പ്രായമുള്ളവർക്ക് ആർ ടി പി സി ആർ പരിശോധന വേണ്ട. മറ്റുള്ളവർ ആർ ടിപി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ കരുതണം.
ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. വെർച്വൽ ക്യൂ ഒഴിവാക്കണം, രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം, സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണം തുടങ്ങിയ കാര്യങ്ങൾ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ശബരിമല തീർത്ഥാടനം പ്രമാണിച്ച് കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർ ടി സി സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിച്ചു. സർവീസ് പുനരാരംഭിക്കാൻ തമിഴ്നാട് അനുമതി നൽകിയതിനെത്തുടർന്നാണ് തീരുമാനം. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ബസ് സർവീസ് പുനരാരംഭിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു.