കൊച്ചി: പരീക്ഷണാടിസ്ഥാനത്തിൽ എറണാകുളത്തുനിന്ന് ഡെൽഹിക്ക് കയറ്റിവിട്ട കൈതച്ചക്കയ്ക്ക് പ്രീമിയം ബ്രാൻഡിന്റെ സ്വീകാര്യത. കഴിഞ്ഞ 26-നാണ് നിസാമുദീനിലേക്കുള്ള മംഗള എക്സ്പ്രസിൽ രണ്ടര ടൺ കൈതച്ചക്ക പെട്ടിയിലാക്കിവിട്ടത്.
ഹരിയാനയിലെ ഡി.ഐ.ഇ.എം. എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് വാഴക്കുളം ബ്രാൻഡ് വണ്ടികയറിയത്. ലോറിയിൽ അഞ്ച് ദിവസംകൊണ്ട് എത്തിയിരുന്ന കൈതച്ചക്ക തീവണ്ടിയിൽ രണ്ട് ദിവസംകൊണ്ട് എത്തിയതാണ് പ്രീമിയം ബ്രാൻഡ് എന്ന പരിഗണനയുണ്ടാക്കിയത്.
രണ്ടര ടൺ കയറ്റിയച്ചതിന് 90,000 രൂപയോളം ചെലവ് വന്നിട്ടുണ്ട്. എന്നാലും പ്രീമിയം ബ്രാൻഡ് ആയതിനാൽ വില കിട്ടുമെന്നതാണ് ആകർഷണമെന്ന് പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോർജ് തോട്ടുമാരിക്കൽ പറഞ്ഞു.