മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ; ഒമ്പത് ഷട്ടറുകൾ ഉയർത്തി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലേക്കുയർന്നു. ഇതോടെ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകൾ ഉയർത്തി. നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കഴിഞ്ഞ ദിവസം പെരിയാർ ടൈഗർ റിസർവിൽ കനത്ത മഴ പെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അണക്കെട്ടിലേക്ക് വലിയ രീതിയിൽ നീരൊഴുക്കുണ്ടായത്. 141.9 അടി വരെയായിരുന്നു ഇന്നലെ രാത്രിയിലെ ജലനിരപ്പ്. 142 അടിയിലെത്തിയതോടെ തമിഴ്നാട് ഷട്ടറുകൾ തുറന്നു.

ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നത്. മൂന്ന് മണിയോടെ ഷട്ടറുകൾ തുറന്നു. അഞ്ച് ഷട്ടറുകൾ 60 സെന്റീമീറ്റർ വരെയാണ് ഉയർത്തിയത്. നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്.

ഇതിനിടെ മുന്നറിയിപ്പ് ജനങ്ങളിലേക്കെത്തുന്നതിന് മുമ്പേ ഷട്ടറുകൾ തുറന്നതിൽ പെരിയാറിന്റെ തീരത്തുള്ളവർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.