വാഷിങ്ടൺ: മഴയത്ത് തെന്നി നീങ്ങിയുണ്ടായ അപകടത്തിൽ ടെസ്‌ല മോഡൽ 3 കാർ കത്തി നശിച്ചു. അമേരിക്കയിലെ ഇന്ത്യാനയിലാണ് അപകടം നടന്നത്. ഓട്ടോ പൈലറ്റിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടെ തെന്നി നീങ്ങിയ വാഹനം റോഡിലെ കോൺക്രീറ്റ് തൂണിൽ ഇടിക്കുകയായിരുന്നു.
വാഹനം തീപിടിക്കുന്ന ദൃശ്യങ്ങൾ ഉടമ തന്നെയാണ് കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പങ്കുവച്ചത്. സംഭവത്തിന്റെ തലേദിവസം ഉണ്ടായൊരു അപകടത്തിൽ റോഡിന്റെ വലതുവശത്തെ മെറ്റൽബാരിക്കേഡുകൾ തകർന്നിരുന്നെന്നും അതിനാലാണ് കോൺക്രീറ്റ് പോസ്റ്റിൽ വാഹനം ഇടിച്ചതെന്നും ഉടമ പറയുന്നു.
ഇടിയുടെ ആഘാതത്തിൽ ബാറ്ററി പാക്ക് തകർന്ന് വാഹനത്തിന് തീപിടിക്കുകയായിരുന്നു. ഫയർ എൻജിനുകൾ എത്തി ഏറെ പണിപ്പെട്ടതിന് ശേഷമാണ് തീ അണയ്ക്കാനായത്. വാഹനം പൂർണമായും കത്തി നശിച്ചതായി ഉടമ പറഞ്ഞു. ടെസ്‌ലയുടെ ഏറ്റവും വിൽപനയുള്ള കാറുകളിലൊന്നാണ് മോഡൽ 3. ഒറ്റ ചാർജിൽ 576 കിലോമീറ്റർ വരെ മോഡൽ 3 സഞ്ചരിക്കും.