കാഞ്ഞിരപ്പള്ളി: ഗതാഗതം വിലക്കിയ പാലത്തിലൂടെ ബസ് ഓടിച്ച് പോലീസിൻ്റെ അതിക്രമം. പ്രളയത്തിൽ തകർന്ന് ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയ കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും പാലം ആശ്രയിച്ചിരുന്ന മറ്റ് നിരവധി ഭാരവാഹനങ്ങളും കിലോമീറ്റർ ചുറ്റിവളഞ്ഞ് ദിവസങ്ങളായി യാത്ര ചെയ്യുമ്പോഴാണ് പോലീസിന്റെ വക അതിക്രമം.
മലയോര മേഖലയെ തകർത്ത കൂട്ടിക്കൽ ദുരന്ത ദിവസമാണ് 26-ാം മൈലിലെ പാലത്തിൽ പൂർണമായും തകർന്ന് ഗതാഗതം നിരോധിച്ചത്. മുൻ വർഷങ്ങളിലെ പ്രളയം ബലക്ഷയം സൃഷ്ടിച്ച പാലത്തിന് അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം കൂടുതൽ ദുർബലമാക്കുകയായിരുന്നു. പിന്നീട് ദിവസങ്ങളോളം പാലത്തിലൂടെ ഒരു വാഹനവും കടത്തിവിട്ടിട്ടില്ല.
പോലീസ് വാഹനം പാലത്തിലൂടെ കയറുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലാണ്. ശബരിമല ഡ്യൂട്ടിക്ക് പോയ പോലീസ് വാഹനമാണ് മറ്റ് ഭാരവാഹനങ്ങൾ പോകുന്ന റൂട്ടിൽ പോകാതെ പാലത്തിലൂടെ കയറിപോയത്. ആളുകൾ നോക്കിനിൽക്കേയാണ് പോലീസ് നടപടിയെന്നതാണ് ശ്രദ്ധേയം.
പ്രദേശവാസികളായ ചിലർ ഇരുചക്ര വാഹനം കയറ്റിയതറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് എത്തി പാലത്തിന്റെ രണ്ടു വശത്തും ബാരിക്കേഡ് വച്ച് അടയ്ക്കുകയും ചെയ്തു. പിന്നീട് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഇടപെട്ട ശേഷമാണ് ചെറിയ വാഹനങ്ങൾ പാലത്തിലൂടെ പോകാൻ അനുമതി നൽകിയത്. ദിവസങ്ങളായി എരുമേലി ഭാഗത്തു നിന്നുള്ള ബസുകൾ കിലോമീറ്ററുകൾ ചുറ്റി കടന്നുപോകുമ്പോഴാണ് പോലീസ് വാഹനം ബലക്ഷയമുള്ള പാലത്തിലൂടെ ഓടിച്ചുപോയത്.
2017 സെപ്റ്റംബറിൽ പാലം അടിയന്തരമായി പുതുക്കി പണിയാൻ അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ വിളിച്ച യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ തീരുമാനങ്ങൾ എടുത്തതല്ലാതെ നടപടികളൊന്നും ഉണ്ടായില്ല എന്നതാണ് വിചിത്രം. ശബരിമല ഭക്തരുടെ പ്രധാന പാതയിലെ പാലം ബലക്ഷയമായിട്ട് നാല് വർഷം പിന്നിട്ടിട്ടും സർക്കാരിന്റെ അനങ്ങാപ്പാറ നയം തുടരുകയാണ്.