പ്രായപരിധി ലംഘിച്ച് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറെ പുനർനിയമിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി:പ്രായപരിധി ലംഘിച്ച് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി. വിസിക്ക് പുനർനിയമനം നൽകിയതിനെതിരെ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്തും,അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ.പി ജോസുമാണ് മുതിർന്ന അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം മുഖേന ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

സർവകലാശാല നിയമപ്രകാരം വൈസ് ചാൻസലർക്ക് നിയമന സമയത്ത് 60 വയസ്സ് പൂർത്തിയാകാൻ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ച് സർക്കാരിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ചാൻസലർ കൂടിയായ ഗവർണർ 61 വയസ്സുകാരനായ ഡോ:ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത്. യുജിസി റെഗുലേഷൻ പ്രകാരം രൂപീകരിച്ച വിസി നിർണയ സമിതി പിരിച്ചുവിട്ടത് അധികാര ദുർവിനിയോഗമാണെന്നതിനാൽ ഗോപിനാഥ്‌ രവീന്ദ്രന് വിസി യായി തുടരാൻ യോഗ്യതയില്ലെന്നും ഹർജ്ജിയിൽ പറയുന്നു.

ചാൻസിലർ,വൈസ് ചാൻസിലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, രജിസ്ട്രാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്.