ഇന്ത്യയിൽ മൂന്ന് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 17299 കർഷകർ; കേരളത്തിൽ 104 കർഷകരും; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് കേന്ദ്ര കൃഷിമന്ത്രാലയം

ന്യൂഡെൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കണക്ക് വ്യക്തമാക്കി കേന്ദ്ര കൃഷിമന്ത്രാലയം. 17,299 കർഷകർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആത്മഹത്യ ചെയ്‌തെന്നാണ് കണക്കുകൾ. 2018 – 2020 വരെയുള്ള കണക്കാണ് മന്ത്രാലയം ഇന്ന് പാർലമെന്റിൽ വ്യക്തമാക്കിയത്. കേരളത്തിൽ 104 കർഷകർ ആത്മഹത്യ ചെയ്തതായി കണക്കുകളിലുണ്ട്.

കഴിഞ്ഞ വർഷം മാത്രം 5579 കർഷകരാണ് ആത്മഹത്യ ചെയ്തത്. കേരളത്തിൽ 2018, 2019 വർഷങ്ങളെ അപേക്ഷിച്ച് കർഷക ആത്മഹത്യ ഇരട്ടിയാവുന്ന സ്ഥിതിയുണ്ടായി. 2018ൽ – 25, 2019 ൽ – 22, 2020 ൽ 57 പേരും കേരളത്തിൽ ആത്മഹത്യ ചെയ്തു എന്നാണ് കണക്ക്. രാജ്യത്തേറ്റവും കൂടുതൽ കർഷക ആത്മഹത്യ നടന്നത് മഹാരാഷ്ട്രയിലാണ്.

കേരളത്തിൽ 2018, 2019 വർഷങ്ങളെ അപേക്ഷിച്ച് 2020 ൽ കർഷക ആത്മഹത്യ ഇരട്ടിയാവുന്ന സ്ഥിതിയുണ്ടായെന്നും കൃഷിമന്ത്രാലയത്തിൻ്റെ കണക്കുകളിൽ പറയുന്നു. അതേസമയം ഡെൽഹി അതിർത്തികളിലെ സമരത്തിനിടെ മരിച്ച കർഷകരെ കുറിച്ചുള്ള വിവരങ്ങൾ ഇല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ലോക്സഭയിൽ അറിയിച്ചു.

ലോക്സഭയിൽ കേരളത്തിലെ എം.പിമാരുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കൃഷിമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമരത്തിനിടെ മരിച്ച കർഷകരുടെ വിവരങ്ങൾ, മരിച്ച കർഷകരുടെ കുടുംബത്തിന് സഹായധനം നൽകാൻ നിർദ്ദേശമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് അറിയില്ലെന്ന കേന്ദ്രത്തിൻ്റെ മറുപടി.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്നലെ പാർലമെൻ്റെ പാസാക്കിയിരുന്നു. പ്രതിപക്ഷ ബഹളത്തിനിടെ ചർച്ച ഒഴിവാക്കിയാണ് ഇരുസഭകളും മൂന്നു നിയമങ്ങളും പിൻവലിച്ചത്. ചർച്ച ഒഴിവാക്കിയത് ജനാധിപത്യവിരുദ്ധമെന്ന് ആരോപിച്ച പ്രതിപക്ഷം താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരാൻ തീരുമാനിച്ചിട്ടുണ്ട്.