തിരുവനന്തപുരം: ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 137 പേരാണ് രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇടതുപക്ഷത്തെ 97 ൽ ഒരു വോട്ട് അസാധുവായി. ബാക്കി 96 വോട്ടും ഇടത് മുന്നണി സ്ഥാനാർത്ഥി ജോസ് കെ മാണിക്ക് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരന് 40 വോട്ടാണ് കിട്ടിയത്. അനാരോഗ്യത്തെ തുടർന്ന് 3 പേർ വോട്ട് ചെയ്തില്ല.
നിയമസഭാ മന്ദിരത്തിൽ രാവിലെ ഒമ്പതിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി ഡി സതീശനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കൊറോണ ബാധിതനായ മാണി സി കാപ്പൻ പി പി ഇ കിറ്റിട്ടെത്തി വോട്ടു ചെയ്തു. നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ ജയം ഉറപ്പായിരുന്നു. എങ്കിലും രാഷ്ട്രീയമത്സരം കാഴ്ചവെക്കുന്നതിനാണ് യുഡിഎഫ് ശൂരനാട് രാജശേഖരനെ സ്ഥാനാർത്ഥിയാക്കിയത്.
യുഡിഎഫിലായിരിക്കെയാണ് കഴിഞ്ഞ തവണ രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് ലഭിച്ചത്. പിന്നീട് കേരള കോൺഗ്രസ് മുന്നണി മാറിയതിന് പിന്നാലെ ജോസ് പാലായിൽ മത്സരിക്കാൻ എംപി സ്ഥാനം രാജിവെക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ പാലയിൽ മത്സരിച്ചെങ്കിലും, ജോസ് കെ മാണി യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനോട് പരാജയപ്പെടുകയായിരുന്നു. ഇനി ഒന്നര വർഷം കൂടി ജോസ് കെ മാണിക്ക് കാലാവധി ബാക്കിയുണ്ട്.
വിജയത്തിൽ ഇടതുപക്ഷത്തോടും ജനപ്രതിനിധികളോടും ജോസ് കെ.മാണി നന്ദി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ വിപുലപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവർത്തകർ മുന്നണിയുടെ ഭാഗമായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.