ന്യൂഡെൽഹി: ഏറ്റവും മൂല്യമേറിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കാനുള്ള ഉദ്ദേശമില്ലെന്ന് കേന്ദ്രസർക്കാർ. ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോകറൻസിയാണ് ബിറ്റ്കോയിൻ. ഇന്ന് പാർലമെന്റിലാണ് കേന്ദ്രസർക്കാരിന്റെ നിലപാട് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ ബിറ്റ്കോയിൻ ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും അവർ പറഞ്ഞു.
കേന്ദ്ര സർക്കാർ ക്രിപ്റ്റോകറൻസി ആന്റ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് സമ്മേളന കാലത്ത് അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചോദ്യം ചർച്ച ചെയ്യപ്പെടുന്നത്. പ്രസ്തുത ബില്ലിലൂടെ സ്വകാര്യ ക്രിപ്റ്റോകറൻസികൾ വിലക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് നിയമപരിരക്ഷ ഇപ്പോഴില്ല. എന്നാൽ ഇടപാടുകൾ നടക്കുന്നുണ്ട്. 2018 ൽ കേന്ദ്രം ക്രിപ്റ്റോ ഇടുപാടുകൾ പൂർണ്ണമായും വിലക്കിയിരുന്നു. എന്നാൽ 2020 മാർച്ച് മാസത്തിൽ സുപ്രീം കോടതി ഈ നിയന്ത്രണം എടുത്തുകളഞ്ഞു.
ക്രിപ്റ്റോകറൻസി ആന്റ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 വഴി ഇന്ത്യ റിസർവ് ബാങ്കിന്റെ ഔദ്യോഗിക ഡിജിറ്റൽ കറൻസിക്ക് സാധുത നൽകാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ കേന്ദ്ര ബാങ്കിന് ക്രിപ്റ്റോകറൻസി വിരുദ്ധ നിലപാടാണ്. ഇക്കാര്യത്തിൽ ഗൗരവതരമായ ആശങ്കകൾ റിസർവ് ബാങ്ക് തുടക്കം മുതൽ മുന്നോട്ട് വെച്ചിരുന്നു. 2008 ലാണ് ബിറ്റ്കോയിൻ നിലവിൽ വന്നത്. ഇതിനെയൊരു ഇലക്ട്രോണിക് പേമെന്റ് സിസ്റ്റമായാണ് വികസിപ്പച്ചത്.