പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളിൽ നവജാതശിശുക്കളുടെ മരണം വീണ്ടും വർധിക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്നു കുഞ്ഞുങ്ങളാണ് ഇവിടെ മരിച്ചത്. ന്യൂമോണിയ ബാധിച്ച് വീട്ടിയൂർ ഊരിലെ ദമ്പതികളുടെ കുഞ്ഞ് വെള്ളിയാഴ്ച മരിച്ചതാണ് ഒടുവിലത്തെ സംഭവം.
കുഞ്ഞിന് മൂന്ന് ദിവസം മാത്രമായിരുന്നു പ്രായം. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലായിരുന്നു അമ്മയും കുഞ്ഞും. സിസേറിയനിലൂടെയായിരുന്നു പ്രസവം. അട്ടപ്പാടിയിലെ ശിശു മരണനിരക്ക് വളരെ കൂടുതലാണ്.
കഴിഞ്ഞദിവസം മറ്റൊരു കുഞ്ഞും ന്യൂമോണിയ ബാധിച്ച് മരിച്ചിരുന്നു. നവംബർ 23ന് സിക്കിൾസെൽ അനീമിയ ബാധിച്ച് കുഞ്ഞും മാതാവുമാണ് മരിച്ചത്. താവളം കുറവൻകണ്ടി സ്വദേശിനി തുളസി ബാലകൃഷ്ണനും (24) കുഞ്ഞുമാണ് മരിച്ചത്. അരിവാൾ രോഗിയായ തുളസി എട്ട് മാസം ഗർഭിണിയായിരുന്നു.
നവംബർ 20ന് ശാരീരികാസ്വസ്ഥതകളെ തുടർന്ന് ഇവർ കോട്ടത്തറയിൽ ചികിത്സ തേടിയിരുന്നു. ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് നവംബർ 22ന് വൈകീട്ട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അവിടെയെത്തിയ ശേഷം കുഞ്ഞിനെ ശസ്ത്രക്രിയ വഴി പുറത്തെടുത്തപ്പോൾ മരിച്ച നിലയിലായിരുന്നു. തുളസി വെൻറിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ, അടുത്തദിവസം പുലർച്ച മരിച്ചു.