കൈനിറയെ പണം; ജോലി ആഫ്രിക്കൻ ഒച്ച് പിടിത്തം; ചാക്കുനിറയെ ഒച്ചുകളുമായി നാട്ടുകാര്‍

കൊച്ചി: ഒച്ചുശല്യം മുമ്പും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാൻ അധികൃതർ പലപ്പോഴും
നടപടി സ്വീകരിക്കാറുമില്ല. ഇക്കുറി വൈപ്പിന്‍ നായരമ്പലത്ത് ആഫ്രിക്കന്‍ ഒച്ചുകളെ കൊണ്ടുള്ള ശല്യം ഓരോ ദിവസം കഴിയുന്തോറും കൂടുകയാണ്.

എണ്ണം പെരുകിയതോടെ ഒച്ചുകൾ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. ഇതിനെ നേരിടാന്‍ നൂതനാശയവുമായി രംഗത്തുവന്നിരിക്കുകയാണ് വൈപ്പിന്‍ നായരമ്പലത്തെ പ്രഭാതസവാരിക്കാരുടെ കൂട്ടായ്മ. ഒച്ചൊന്നിന് ഒരു രൂപവീതം നല്‍കി ശേഖരിച്ച് നശിപ്പിക്കുകയാണ് സണ്‍റൈസ് കൂട്ടായ്മയിലെ അംഗങ്ങള്‍.

ഒച്ചിനെ നേരിടാന്‍ ആരോഗ്യവകുപ്പോ തദ്ദേശസ്ഥാപനങ്ങളോ ഒന്നും ചെയ്യാത്തതിനെ തുടര്‍ന്നാണ് ഒച്ചുനശീകരണത്തിന് ഒത്തുകൂടാന്‍ തീരുമാനിച്ചതെന്ന് പ്രഭാതസവാരിക്കാര്‍ പറയുന്നു. ഒച്ചൊന്നിന് ഒരു രൂപാ വീതം നല്‍കി ശേഖരിക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് നാടുനീളെ പരസ്യവും പതിച്ചു. മൊബൈല്‍ നമ്പരും നല്‍കി. അതുവരെ അനങ്ങാതിരുന്നവര്‍ പോലും ചാക്കു നിറയെ ഒച്ചുകളെ ശേഖരിച്ചു. സംഘാടകരെ സമീക്കുന്നവര്‍ക്ക് ഒച്ചെണ്ണി കാശു നല്‍കും. 500 മുതല്‍ 700 രൂപയ്ക്ക് വരെ ഒച്ചുകളെ വില്‍പ്പന നടത്തിയവരുണ്ട്. ഒച്ചുമായി വരുന്നവരില്‍ പലരും തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് .വിലക്കെടുക്കുന്ന ഒച്ചുകളെ ഉപ്പിട്ട് നശിപ്പിച്ച ശേഷം കുഴിച്ചുമൂടുകയാണിവര്‍’