മോഡലുകളുടെ മരണം; മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ സൈജു തങ്കച്ചൻ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിൽ മോഡലുകളെ കാറിൽ പിന്തുടർന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീകളെ അനുവാദമില്ലാതെ പിന്തുടരൽ, നരഹത്യ എന്നീ കേസുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.രാവിലെ മുതൽ സൈജുവിനെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ മോഡലുകളെ പിന്തുടർന്ന കാര്യം സൈജു സമ്മതിച്ചിട്ടുണ്ട്. ഒപ്പം അപകടം നടന്നതഗ് കണ്ടിട്ടുണ്ടെന്നും സൂചനകൾ. നാളെ കോടതിയിൽ ഹാജരാക്കാൻ ആണ് സാധ്യത.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് സൈജുവിന് നോട്ടിസ് നൽകിയിരുന്നു. ഇയാൾ ഒളിവിൽ ആയിരുന്നതിനാൽ സഹോദരനാണ് നോട്ടിസ് കൈപ്പറ്റിയത്. ഇയാളുടെ സ്ഥാപനങ്ങളിലും നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്. കേസിൽ തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യത കാണിച്ച് സൈജു തങ്കച്ചൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

എന്നാൽ ഇയാളെ പ്രതി ചേർത്തിട്ടില്ലാത്തതിനാൽ അറസ്റ്റു ചെയ്യേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നായിരുന്നു പൊലീസ് കൊടുത്ത റിപ്പോർട്ട്. ഇതു പരിഗണിച്ച് ഹൈക്കോടതി ഹർജി തീർപ്പാക്കി. തുടർന്നാണ് ഇയാളോട് ചോദ്യംചെയ്യലിനു ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് സൈജുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സൈജുവാണ് പൊലീസിനെ വിവരം വിളിച്ച് അറിയിച്ചത്. അപകടത്തിൽ മരിച്ച മോഡലുകളായ അൻസി കബീറും അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുമായി അടുത്ത ബന്ധമുള്ള ആളാണ് സൈജവെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സംഭവദിവസം ഇയാൾ ഹോട്ടലിൽ ഉണ്ടായിരുന്നെന്നും കുണ്ടന്നൂരിൽവച്ച് മോഡലുകളുമായി വാക്കുതർക്കം ഉണ്ടായിയെന്നും പൊലീസ് കണ്ടെത്തി.

മോഡലുകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന സൈജു തങ്കച്ചൻ ആളത്ര നിസ്സാരക്കാരനല്ല. ഇയാൾ കൊച്ചിയിലെ ലഹരി കടത്തു സംഘത്തിന്റെ മുഖ്യകണ്ണിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ബെംഗളൂരുവിൽനിന്നു സ്ഥിരമായി കേരളത്തിലേക്കു രാസലഹരിമരുന്നു കടത്തുന്ന സംഘത്തിന്റെ കൊച്ചിയിലെ വിതരണക്കാരനാണു സൈജുവെന്നാണ് ആരോപണം.

2021 മേയിൽ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടുകളെ സംബന്ധിച്ചു സംസ്ഥാന ഡിജിപിക്കു ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിലും സൈജുവിന്റെ ചിത്രവും നമ്പർ 18 കേന്ദ്രീകരിച്ചു നടക്കുന്ന ഇടപാടുകളും ഉൾപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ പല ഹോട്ടലുകളിലും നിശാപാർട്ടിയിൽ ലഹരി അനുവദിച്ചിരുന്നില്ല. ഇത്തരം പാർട്ടികൾക്കു ശേഷം ചെറുസംഘങ്ങളായി പിരിഞ്ഞു സമീപത്തെ മറ്റിടങ്ങളിൽ തുടരുന്ന ലഹരി പാർട്ടികളിലാണ് (ആഫ്റ്റർ പാർട്ടി) രാസലഹരി ലഭ്യമാക്കിയിരുന്നത്.

നിശാപാർട്ടിക്കു ശേഷം അതേ ഹോട്ടലിലെ മുറികളിൽ ആഫ്റ്റർ പാർട്ടിക്ക് സൗകര്യം ലഭ്യമാക്കിയിരുന്നതാണ് നമ്പർ 18 ഹോട്ടലിന്റെ പ്രത്യേകത. കോവിഡ് ലോക്ഡൗൺ കാലത്തു വളരെ പെട്ടെന്നാണ് ഇവിടത്തെ ‘ക്ലബ് 18’ പാർട്ടി കൂട്ടായ്മയിലേക്കു യുവാക്കൾ ഒഴുകിയെത്താൻ തുടങ്ങിയത്. അപകടദിവസം രാത്രി ചില ‘വിഐപി’കൾ മാത്രം പങ്കെടുക്കുന്ന ആഫ്റ്റർ പാർട്ടിയിലേക്കു മിസ് കേരള മോഡലുകളെ സൈജു ക്ഷണിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

അൻസി കബീറും അഞ്ജന ഷാജനും ഈ ക്ഷണം അവഗണിച്ച് 2 സുഹൃത്തുക്കൾക്കൊപ്പം ഹോട്ടൽ വിട്ടുപോയതിൽ ക്ഷുഭിതനായ സൈജു കാറിൽ ഇവരെ പിന്തുടർന്നതായാണു പോലീസിന്റെ നിഗമനം. കുണ്ടന്നൂരിനും വൈറ്റിലയ്ക്കും ഇടയിൽ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയ െസെജു വിലകൂടിയ ലഹരിപദാർഥങ്ങൾ വാഗ്ദാനം ചെയ്ത് വീട്ടിലേക്കും ക്ഷണിച്ചതായി അപകടത്തിൽ രക്ഷപ്പെട്ട ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്.

ഹോട്ടൽ മുതൽ അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്പ് വരെ മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ ഇവരുടെ മരണ വിവരം അപ്പോൾ തന്നെ റോയിയെയും ജീവനക്കാരെയും ഫോണിൽ അറിയിച്ചിരുന്നു. ഇതിനു ശേഷമാണു പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ ജീവനക്കാർക്കു നിർദ്ദേശം ലഭിച്ചതെന്നാണു നിഗമനം. ഈ നീക്കത്തിലാണു പോലീസ് ഗൂഢാലോചന കാണുന്നത്.

നമ്പർ 18 ഹോട്ടലിനു ഉന്നതരുമായുള്ള ബന്ധം അന്വേഷണത്തിലുടനീളം നിഴലിക്കുന്നുണ്ട്. ഇനി ഈ കേസും കൈമറിഞ്ഞ് അന്വേഷണം എൻസിബിയിലേക്ക് എത്തേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എൻസിബി എത്തിയാൽ സിനിമയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഗൂഢാലോചനയും തെളിയും. മുംബൈയിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിന് വഴിയൊരുക്കിയ സമീർ വാങ്കഡെയെ പോലൊരു ഉദ്യോഗസ്ഥൻ അന്വേഷിച്ചാലേ ഈ മരണത്തിലെ മയക്കുമരുന്ന് മാഫിയയെ കണ്ടെത്താൻ കഴിയൂവെന്നതാണ് വസ്തുത.