പ്രഗ്യാരാജ്: ഉത്തര്‍പ്രദേശിലെ പ്രഗ്യാരാജില്‍ കൂട്ടക്കൊലപാതകം. ദലിത് കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 16കാരിയായ പെണ്‍കുട്ടിയും 10വയസുകാരനായ ആണ്‍കുട്ടിയുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മുമ്പ് 16കാരി ബലാത്സംഗത്തിനിരയായെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 50കാരനായ കുടുംബനാഥന്‍, അവരുടെ 46കാരിയായ ഭാര്യ, രണ്ട് മക്കള്‍ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
അയല്‍വാസികളായ മേല്‍ജാതിക്കാരാണ് കൊലപാതകത്തിന് പിന്നിലെന്നും ബന്ധുക്കള്‍ ആരോപണമുന്നയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ 11 പേര്‍ക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകമടക്കം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചിലരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തതായി പ്രഗ്യാരാജ് പൊലീസ് തലവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊല്ലപ്പെട്ട കുടുംബാംഗങ്ങളെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അറിയിച്ചു.
മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങളില്‍ മാരകമായി മുറിവേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ മുറിക്കകത്തും മറ്റുള്ളവരുടേത് മുറ്റത്തുമാണ് കിടന്നിരുന്നത്. കോടാലി ഉപയോഗിച്ച് തലക്ക് വെട്ടിയാണ് കൊലപാതകം.
2019 മുതല്‍ കൊല്ലപ്പെട്ട കുടുംബവും അയല്‍വാസികളായ ഉന്നതജാതി കുടുംബവും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സെപ്റ്റംബറിലും ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് പ്രശ്‌നങ്ങള്‍ മധ്യസ്ഥതയിലൂടെ പറഞ്ഞവസാനിപ്പിച്ചു. അന്ന് പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയാണ് ഒത്തുതീര്‍പ്പ് നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ലോക്കല്‍ ഇന്‍സ്‌പെക്ടര്‍ നിരന്തരം വീട്ടിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും ഇവര്‍ പറഞ്ഞു. അന്ന് ആക്രമണത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ആക്രമിച്ചവരുടെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്‌തെന്ന് ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രഗ്യാരാജ് പൊലീസ് ചീഫ് സര്‍വശ്രേഷ്ട ത്രിപാഠി പറഞ്ഞു.