കൊച്ചി: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർത്ഥി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ രാത്രി വൈകിയും സ്റ്റേഷൻ ഉപരോധം തുടർന്ന് യുഡിഎഫ്. മോഫിയയുടെ അമ്മയും സമരസ്ഥലത്ത് എത്തിയിട്ടുണ്ട്. ആലുവ വെസ്റ്റ് മുൻ സിഐ സുധീർ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് സമരം. ആത്മഹത്യക്കേസിൽ ആരോപണ വിധേയനായ സിഐ സുധീർ കുമാറിനെ സസ്പെന്റ് ചെയ്യും വരെ സമരം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
മോഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തിൽ സുധീർ കുമാറിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ സസ്പെന്റ് ചെയ്യണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കുടുംബവും കോൺഗ്രസ് പാർട്ടിയും. പോലീസ് ഹെഡ്ക്വാട്ടേഴ്സിലേക്കാണ് സംഭവത്തിൽ കുറ്റാരോപിതനായ സിഐയെ സ്ഥലം മാറ്റിയിരിക്കുന്നത്. എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും തുടർനടപടികൾ ഇത് പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടി സ്വീകരിക്കുമെന്നുമാണ് അറിയിപ്പ്.
എന്നാൽ കോൺഗ്രസ് ഈ വാഗ്ദാനത്തെ വിശ്വസിക്കുന്നില്ല. ബെന്നി ബഹന്നാൻ എംപിയും ആലുവ എംഎൽഎ അൻവർ സാദത്തും അങ്കമാലി എംഎൽഎ റോജി എം ജോണുമാണ് രാത്രിയിലടക്കം പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തുന്നത്. സ്ഥലം മാറ്റം അംഗീകരിക്കില്ലന്നാണ് യുഡിഎഫ് നിലപാട്. സ്റ്റേഷൻ ഉപരോധം തുടർന്നാൽ ബലം പ്രയോഗിച്ച് നീക്കുമെന്ന് ഡിവൈഎസ്പി സമരക്കാരെ അറിയിച്ചിരുന്നു. എന്നാൽ അതിനും വഴങ്ങാതെയാണ് എംപിയും എംഎൽഎയും രംഗത്തിറങ്ങിയിരിക്കുന്നത്. സുധീർകുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അതുകൊണ്ടാണ് സ്ഥലംമാറ്റത്തിൽ മാത്രം നീക്കം ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചു. സ്ഥലം മാറ്റം മാത്രം അംഗീകരിക്കില്ലെന്നും സർവ്വീസിൽ നിന്ന് ഇയാളെ സസ്പെൻഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്.
നവംബർ 23 ന് ബുധനാഴ്ചയാണ് ഭർത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എൽഎൽബി വിദ്യാർത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ പരാതി നൽകിയിരുന്നു. എന്നാൽ ആലുവ സിഐ, സി എൽ സുധീർ ഭർത്താവ് സുഹൈലിനും വീട്ടുകാർക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്. പരാതിയിന്മേൽ ചർച്ചയ്ക്ക് വിളിച്ചപ്പോൾ സുധീർ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ചർച്ചക്കിടെ ഭർത്താവിനോട് മോശമായി പെരുമാറിയപ്പോൾ വഴക്കുപറയുകയായിരുന്നുവെന്നായിരുന്നായിരുന്നു ഇതിനോടുള്ള പോലീസിന്റെ ആദ്യ പ്രതികരണം.
മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് മോഫിയ സ്വന്തം വീട്ടിലേക്ക് പോന്നു. പരാതി നൽകാനായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്.
നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുധീർ. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. കേരളത്തെ പിടിച്ചുലച്ച ഉത്ര വധക്കേസിലാണ് അന്നത്തെ അഞ്ചല്‍ എസ്എച്ച്ഒ ആയിരുന്ന സുധീറിനെതിരെ ആദ്യം പരാതി ഉയര്‍ന്നത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിനെ രക്ഷിക്കാന്‍ സുധീര്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. കേസിന്‍റെ പ്രാരംഭ അന്വേഷണത്തില്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് അന്നത്തെ റൂറല്‍ എസ് പി ഹരിശങ്കര്‍ കണ്ടെത്തി. പക്ഷേ നടപടി ഉണ്ടായിരുന്നില്ല.
അതേസമയം ആലുവ സിഐ സി. എൽ സുധീറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഗാർഹിക പീഡന പരാതി നൽകിയ മറ്റൊരു യുവതി കൂടി രംഗത്ത്. ഇന്ന് മോഫിയയുടെ പേരാണ് കേട്ടതെങ്കിൽ നാളെ തന്റെ പേരും കേൾക്കേണ്ടി വരും എന്ന് പറഞ്ഞാണ് സുധീറിനെതിരെ യുവതി ആരോപണമുന്നയിച്ചത്. ആലുവ സ്റ്റേഷനിലെത്തിയ തന്റെ പരാതി രേഖപ്പെടുത്താൻ പോലും അയാൾ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു.
“ചെറിയ കേസ് അല്ല എന്റേത്. ഏഴ് ദിവസമായിരുന്നു ഞാൻ ആശുപത്രിയിൽ കഴിഞ്ഞത്. ഭർത്താവ് എന്റെ കൈയും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവനും സിഗരറ്റ് കൊണ്ട് പൊളിച്ചു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ ഭർത്താവും സിഐയും കൂടി എല്ലാം തേച്ചു മായച്ചു കളഞ്ഞു”, യുവതി പറഞ്ഞു.
സുധീറിന് മനസാക്ഷി എന്നൊരു വികാരമില്ലെന്നും പണത്തിന് വേണ്ടി അയാൾ എന്തും ചെയ്യുമെന്നും യുവതി പറയുന്നു. തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും പരാതി തേച്ചുമായ്ച്ച് കളയാൻ 50,000 രൂപയാണ് ഭർത്താവിൽ നിന്ന് സിഐ വാങ്ങിയതെന്നും യുവതി പറഞ്ഞു. “എന്നെ വേശ്യയെന്ന് പരസ്യമായാണ് വിളിച്ചത്. പണത്തിന് വേണ്ടി മാത്രമാണ് അയാൾ ജീവിക്കുന്നത്”, അവർ കൂട്ടിച്ചേർത്തു.
മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ട സിഐ സുധീർ നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ്. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്.
കൊല്ലത്തെ പ്രമാദമായ ഉത്ര കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീർ. ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്ന കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഇയാൾ വീഴ്ച വരുത്തി. ആരോപണം ഉയർന്നതോടെ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റി. ഉത്ര കേസിലെ സുധീറിന്റെ അന്വേഷണ വീഴ്ചയെ കുറിച്ച് ഉള്ള പോലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂർത്തിയായത്.
ഇതിന് മുമ്പ് അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ്. അന്ന് അഞ്ചൽ സി ഐ യായിരുന്നു സുധീർ. അന്നത്തെ കൊല്ലം റൂറൽ എസ്പിയായിരുന്ന ഹരിശങ്കർ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്നുമായിരുന്നു ശുപാർശ.