തിരുവനന്തപുരം: കൊറോണ പ്രതിസന്ധി അയഞ്ഞതോടെ, ഗൾഫ് മേഖലയിലെ തൊഴിലിടങ്ങളിലേക്കു മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തിൽ വർധന. നിയന്ത്രണങ്ങളിൽ അയവുവന്നതും വിസ പുതുക്കലിൽ ഇളവുകൾ വന്നതുമാണ് മാറ്റത്തിനു തുടക്കമിട്ടത്. ആഴ്‌ചയിൽ അയ്യായിരത്തിലേറെപ്പേർ മടങ്ങുന്നതായാണ് കണക്കുകൾ.
സൗദി അറേബ്യയിലേക്കാണ് പ്രവാസികൾ കൂടുതലായും മടങ്ങുന്നത്. പ്രവാസികളുടെ തിരിച്ചറിയൽരേഖയായ ഇഖാമ മൂന്നുമാസത്തേക്കുൾപ്പെടെ പുതുക്കാൻ തുടങ്ങിയതും തിരിച്ചുപോക്കിന് വേഗംകൂട്ടി. നാട്ടിൽനിന്നുകൊണ്ട് വിസ പുതുക്കാനായതും സഹായമായി.
രണ്ടുഡോസ് വാക്‌സിനെടുക്കാത്തവർക്ക് സൗദിയിലേക്ക് നേരിട്ടു പ്രവേശനമില്ല. വാക്‌സിനെടുക്കാത്തവർ ദുബായിലെത്തി 15 ദിവസം ക്വാറന്റീനുശേഷമാണ് സൗദിയിലേക്കു പോകുന്നത്.
ഖത്തർ, ദുബായ്, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കും പ്രവാസികളുടെ മടക്കയാത്ര ആരംഭിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലേക്കും നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചതും ആശ്വാസമായി. നിരക്ക് കൂടുതലാണെങ്കിലും സർവീസ് നടത്തുന്ന ഭൂരിഭാഗം വിമാനങ്ങളും മുഴുവൻ സീറ്റിലും യാത്രക്കാരുമായാണ് മടങ്ങുന്നത്.
നെടുമ്പാശ്ശേരിയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ആഴ്‌ചയിൽ 162 സർവീസുണ്ട്. കരിപ്പൂരിൽനിന്നുള്ള സർവീസുകൾ ഉടനെ പഴയരീതിയിലാകുമെന്നാണു കരുതുന്നത്. അതേസമയം, വിവിധ വിദേശരാജ്യങ്ങളിൽനിന്നായി ഒക്‌ടോബർ 29 വരെ ജാഗ്രതാപോർട്ടലിൽ രജിസ്റ്റർചെയ്ത് നാട്ടിലെത്തിയത് 17,53,897 പേരാണ്. ഇതിൽ 1,26,883 പേർ തൊഴിൽ നഷ്‌ടപ്പെട്ടവരാണ്.
തൊഴിൽ നഷ്‌ടപ്പെട്ടു മടങ്ങിവന്നവർക്ക് തൊഴിൽസംരംഭങ്ങൾ ആരംഭിക്കാൻ നോർക്ക വിവിധ പദ്ധതികൾ ആരംഭിച്ചെങ്കിലും അധികപേരും അപേക്ഷിച്ചിട്ടില്ല. സാഹചര്യം അനുകൂലമായാൽ മടങ്ങിപ്പോകാൻ ആഗ്രഹമുള്ളതിനാലാണ് പലരും മടികാണിച്ചത്. ദുബായ് ഭരണകൂടം കുറഞ്ഞനിരക്കിൽ തൊഴിൽ സംരംഭകത്വം സാധ്യമാക്കുന്ന വിസ പ്രഖ്യാപിച്ചതും ഒട്ടേറെ മലയാളികൾ ഉപയോഗപ്പെടുത്തുന്നുണ്ട്.