തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കുന്നതിനൊപ്പം വിദ്യാർഥികളുടെ നിരക്കു കൂടി പരിഗണിക്കാൻ സർക്കാർ വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ചു. ഡിസംബർ രണ്ടിനാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ഗതാഗതമന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എന്നിവരാകും വിദ്യാർഥി സംഘടനകളുമായി കൂടിയാലോചന നടത്തുക.
വിദ്യാർഥികളുടെ നിരക്ക് വർധന ബസ് ഉടമകളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. എന്നാൽ വിദ്യാർഥി സംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ചാർജ് വർധിപ്പിച്ചിരുന്നില്ല. പുതിയ സാഹചര്യത്തിൽ വിദ്യാർഥി നിരക്ക് വർധിപ്പിക്കുന്നതിനോട് സർക്കാരിനും എതിർപ്പില്ലെന്നാണ് സൂചന.
നിരക്ക് വർധനയെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ തീരുമാനം. എതിർപ്പ് കണക്കിലെടുക്കാതെ നിരക്ക് കൂട്ടിയാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും പ്രതിപക്ഷ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.