അഹമ്മദാബാദ്: ഗുഡ്ക വിതരണക്കാരന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടികൂടിയത് 100 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത്. ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യാപാരിയുടെ സ്ഥാപനങ്ങളിലും വീട്ടിലുമാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഇയാളുമായി ബന്ധപ്പെട്ട 15 ഇടങ്ങളില്‍ തിരച്ചില്‍ നടത്തിയെന്ന് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 7.5 കോടി രൂപ, നാല് കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തവയില്‍പ്പെടുന്നു. പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. സ്ഥാപനത്തിന്റെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കണക്കില്‍പ്പെടാത്ത സാധനങ്ങളുടെ വാങ്ങല്‍, വില്‍ക്കല്‍, പണച്ചെലവ് എന്നിവ കണ്ടെത്തിയതായി ഐടി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കണക്കില്‍പ്പെടാത്ത പണമായി 100 കോടിയോളം കണ്ടെത്തി. ഇതില്‍ 30 കോടി രൂപ കണക്കില്‍പ്പെടാത്തതാണെന്ന് സ്ഥാപനം തന്നെ സമ്മതിച്ചു.
പിടിച്ചെടുത്ത വസ്തുക്കളുടെ പരിശോധനയില്‍വില്‍പന അക്കൗണ്ട് ബുക്കുകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും വെളിപ്പെടുത്താത്ത നിക്ഷേപം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുകയും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്യുമെന്ന് ഐടി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.