എൻട്രി ടിക്കറ്റ് ഒഴിവാക്കി; പാർക്കിംഗ് ഫീസ് കുറച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ പരിഷ്ക്കാരങ്ങളുമായി അദാനി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുത്തതിന് പിന്നാലെ ജനപ്രിയ പരിഷ്കാരങ്ങളും ചെലവുകുറഞ്ഞ സർവീസുകളുമായി മുന്നോട്ട് പോവുകയാണ് അദാനി ഗ്രൂപ്പ്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനുള്ള എൻട്രി ടിക്കറ്റ് ഒഴിവാക്കിയും 85 രൂപയായിരുന്ന പാർക്കിംഗ് ഫീസ് മുപ്പത് രൂപയാക്കി കുറച്ചുമാണ് അദാനി ജനപ്രിയൻ ആകുന്നത്.

കുറഞ്ഞ ചെലവിൽ ഗൾഫിലേക്ക് പറക്കാൻ എയർ അറേബ്യ സർവീസ് ആരംഭിച്ചത് പ്രവാസികൾക്കും ആശ്വാസമായി. ഗൾഫിലേക്ക് കൂടുതൽ സർവീസുകളും മറ്റിടങ്ങളിലേക്ക് കൂടുതൽ കണക്ഷൻ സർവീസുകളും തുടങ്ങാനും നീക്കം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ 16നാണ് അബുദാബിയിലേക്കുള്ള എയർഅറേബ്യ സർവീസ് ആരംഭിച്ചത്. ഒന്നിടവിട്ട ദിവസങ്ങളിൽ തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസുണ്ടാവും. തിരുവനന്തപുരത്തേക്ക് 880 ദിർഹം (17,786രൂപ) മുതലാണ് നിരക്ക്. യു.എ.ഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുതിക്കുന്നതിനിടെ ഈ നിരക്കിൽ തിരുവനന്തപുരത്തു നിന്ന് പറക്കാനാവുക പ്രവാസികൾക്ക് ആശ്വാസമാണ്.

ഡ്യൂട്ടി ഫ്രീ ഷോപ്പ് ജനുവരി മുതൽ 2018 മുതൽ അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ജനുവരിയിൽ പ്രവർത്തിപ്പിക്കാനാണ് അദാനിയുടെ നീക്കം. ദുബായ് ആസ്ഥാനമായുള്ള ഫ്ലെമിംഗ് ഗോയുമായി ചേർന്നാണ് ഡ്യൂട്ടിഫ്രീ തുറക്കുന്നത്. ലോക നിലവാരത്തിൽ ഷോപ്പ് പുതുക്കിപ്പണിയുകയാണിപ്പോൾ.

നിലവിലെ ഷോപ്പിന് പുറമെ വിശാലമായ പുതിയ ഷോപ്പുകളും തുറക്കാൻ ആലോചനയുണ്ട്. തിരുവനന്തപുരം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമാണിത്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ 6കോടി രൂപയുടെ മദ്യക്കടത്ത് നടത്തിയതിന് സി.ബി.ഐ കേസെടുത്തതിനെ തുടർന്നാണ് പ്ലസ് മാക്സ് നടത്തിയിരുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിന് താഴുവീണത്.

നേരത്തേ വാഹനങ്ങൾ വിമാനത്താവളത്തിലേക്ക് കയറ്റാൻ എൻട്രി ടിക്കറ്റെടുക്കണമായിരുന്നു. 15 മിനിറ്ര് കഴിഞ്ഞാൽ 85രൂപ തിരിച്ചിറങ്ങുമ്പോൾ അടയ്ക്കണം. ഇപ്പോൾ എൻട്രി ടിക്കറ്റ് പൂർണമായും ഒഴിവാക്കി. പാർക്കിംഗ് ഏരിയയിൽ കയറിയാൽ മാത്രം ഫീസ് നൽകിയാൽ മതി. 30രൂപയാണ് മിനിമം തുക.

അതിനുശേഷം മണിക്കൂർ കണക്കാക്കി പണം ഈടാക്കും. കരിപ്പൂരിൽ സൗജന്യമായി പാർക്ക് ചെയ്യാൻ മൂന്നുമിനിറ്റ് സമയമാണ് എയർപോർട്ട് അതോറിട്ടി അനുവദിച്ചിട്ടുള്ളത്. ടെർമിനലിനു മുന്നിൽ നിറുത്തിയ വാഹനങ്ങൾ മൂന്നു മിനിറ്റിനകം മാറ്റിയില്ലെങ്കിൽ 500രൂപ പിഴയും ഈടാക്കും.