ചന്ദനക്കടത്തുകാരുടെ പേടി സ്വപ്നമായിരുന്ന ഡിങ്കോ ഇനിയില്ല

മയറൂർ: മറയൂരിലെ ചന്ദനക്കടത്തുകാരുടെ പേടി സ്വപ്നമായിരുന്ന ഡിങ്കോ ഇനിയില്ല. നിരവധി ചന്ദനക്കടത്ത് കേസുകൾക്ക് തുമ്പുണ്ടാക്കിയ വനംവകുപ്പിന്റെ നായ കിച്ചു എന്ന് വിളിക്കുന്ന ഡിങ്കോ വിടവാങ്ങി. സർവീസിൽ നിന്ന് വിരിമിച്ച ശേഷം വിശ്രമജീവതം നയിച്ചിരുന്ന ഡിങ്കോ പ്രായാധിക്യം മൂലമാണ് മരിച്ചത്. ഇന്ന് രാവിലെ 9.20ഓടെയായിരുന്നു അന്ത്യം. തുടർന്ന് വനംവകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി സർജൻ നിഷ റേച്ചൽ എത്തി മരണം സ്ഥിരീകരിച്ചു.

ലാബ്രഡോർ ഇനത്തിൽപ്പെടുന്ന 12 വയസിനടുത്ത് പ്രായമുണ്ടായിരുന്ന നായയായിരുന്നു ഡിങ്കോ. തൃശ്ശൂർ പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ഡിങ്കോ 2011ലാണ് വനംവകുപ്പിന്റെ ഭാഗമാകുന്നത്. തുടർന്ന് പ്രമാദമായ നാല് ചന്ദനക്കടത്ത് കേസുകൾ തെളിയിച്ച ഡിങ്കോ 35-ഓളം കേസുകൾക്കാണ് തുമ്പുണ്ടാക്കിയത്. ചന്ദനം മണത്ത് കണ്ടുപിടിക്കുന്നതിലുള്ള പ്രത്യേക വൈദഗ്ധ്യമാണ് ഡിങ്കോയെ പ്രിയങ്കരനാക്കിയത്.

എട്ട് വർഷത്തെ സർവീസ് പൂർത്തിയാക്കി 2019-ലാണ് ഡിങ്കോ വനംവകുപ്പിലെ സർവീസിൽ നിന്ന് വിരമിക്കുന്നത്. സർവീസിൽ നിന്നു റിട്ടയർ ചെയ്തിട്ടും സർവീസ് കാലാവധിയിൽ നൽകിയ സേവനങ്ങൾക്കു പകരം ഉദ്യോഗസ്ഥർ സംരക്ഷിച്ചുവരികയായിരുന്നു ഡിങ്കോയെ. ശാന്തനായ നായയയായിരുന്നു ഡിങ്കോയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മറയൂർ റെയ്ഞ്ച് ഓഫീസർ എം.ജി. വിനോദ് കുമാർ, ഡെപ്യൂട്ടി റേഞ്ചർ കെ.വി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ടിങ്കോയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി. ഡിങ്കോ റിട്ടയർ ചെയ്തതോടെ വനംവകുപ്പിനു സേവനം നൽകാനെത്തിയ പെൽവിനും ഗാർഡ് ഓഫ് ഓണർ നൽകി.