നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ കേസെടുക്കണം; സുപ്രധാന നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: നോക്കുകൂലി വിഷയത്തിൽ ഹൈക്കോടതിയുടെ സുപ്രധാനമായ ഇടപെടൽ. ഈചൂഷണം അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും കോടതി നിർദേശിച്ചു. നിമയ ഭേദഗതിയിൽ നിലപാടറിയിക്കാൻ സർക്കാരിന് നിർദേശം നൽകി.

നോക്കുകൂലി സംബന്ധിച്ച പല കേസുകളിലും കോടിതി ഇടപെടലുണ്ടായിട്ടും ശാശ്വതമായ പരിഹാരം ഉണ്ടാവായിരുന്നില്ല. ഇതാണ് നിയമ ഭേദഗതി എന്ന നിർദേശത്തിലേക്ക് ഹൈക്കോടതിയെ എത്തിച്ചത്. ഈ വലിയ ചൂഷണം അവസാനിപ്പിക്കേണ്ട സാഹചര്യമാണെന്ന് കോടതി വിലയിരുത്തി. സർക്കാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

നിയമ ഭേദഗതി സംബന്ധിച്ച വിഷയത്തിൽ അടുത്തമാസം 8 ന് മുൻപായി നിലപാടറിയിക്കാനാണ് കോടതി സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. പോലീസ് ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടണമെന്നും കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച് പോലീസ് സർക്കുലർ പുറത്തിറക്കണം. കേസ് അടുത്തമാസം എട്ടിന് വീണ്ടും പരിഗണിക്കും.