കോവളത്തെ ഹോട്ടലില്‍ അമേരിക്കന്‍ പൗരന്‍ പുഴുവരിച്ച നിലയില്‍; പൂട്ടിയിട്ടത് മാസങ്ങള്‍

തിരുവനന്തപുരം: രോഗബാധിതനായ വിദേശിയെ കോവളം ബീച്ചിനടുത്തുള്ള സ്വകാര്യ ഹോട്ടലില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധം വമിക്കുന്ന മുറിക്കുള്ളില്‍ മൃതപ്രായനായ ഇയാളുടെ കിടക്കയിലേക്ക് ഉറുമ്പരിച്ചു കയറുന്ന നിലയിലായിരുന്നുവെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎസ് പൗരനായ ഇര്‍വിന്‍ ഫോക്‌സ് (77) ആണ് മാസങ്ങളായി നരകതുല്യമായ ജീവിതം നയിച്ചത്.

ഇയാള്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കാന്‍ ഹോട്ടലുടമയോട് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി. പൊലീസിലെ ബീറ്റ് ഓഫിസര്‍മാരില്‍ ഒരാള്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിലും പാലിയം ഇന്ത്യയിലും ഉള്‍പ്പെട്ടവരുടെ സംഘം തിങ്കളാഴ്ച വൈകിട്ടാണ് ഹോട്ടലില്‍ എത്തിയത്. കൊളുത്തിട്ട മുറിക്കുള്ളില്‍ നിന്നു ഞരക്കവും നിലവിളിയും കേള്‍ക്കാമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.

മുറി തുറന്നു കയറിയ ആരോഗ്യ പ്രവർത്തകർ ഞെട്ടിക്കുന്ന കാഴ്ചകളാണ് കണ്ടത്. രോഗിയുടെ മുതുകുഭാഗത്ത് രണ്ടു വലിയ വ്രണങ്ങള്‍ കണ്ടെത്തി. ഇതു കാരണമാകാം ഉറുമ്പു സാന്നിധ്യം എന്നു കരുതുന്നു. രോഗിയെ പരിചരിച്ചു താല്‍ക്കാലിക ആശ്വാസം നല്‍കിയെന്നു സംഘം അറിയിച്ചു.

ഒരു വര്‍ഷം മുന്‍പ് കോവളത്തെത്തിയ വിദേശി വീണു എന്നും ഇതിന് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ തുടര്‍ ചികിത്സ ലഭ്യമാക്കാതെ ഹോട്ടലില്‍ തന്നെ വിദേശിയെ കിടത്തുകയായിരുന്നു എന്നാണു വിവരം. അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തോട് ഹോട്ടല്‍ അധികൃതര്‍ തട്ടിക്കയറിയതായി പറയുന്നു.