സംസ്ഥാന ജീവനക്കാരെ തൊഴിൽസ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ആറു തട്ടിലാക്കാനുള്ള ശുപാർശ സർക്കാർ അംഗീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരെ തൊഴിൽസ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ആറു തട്ടിലാക്കാനുള്ള ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശ സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചു. ഭരണപരിഷ്കാരം, ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാരുമായി കൂടിയാലോചിച്ച് പ്രായോഗികത അറിയിക്കാൻ മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഇതുവരെ ശമ്പള സ്കെയിലിന്റെ അടിസ്ഥാനത്തിലാണ് വിഭജിച്ചിരുന്നത്. കാര്യക്ഷമത വർധിപ്പിക്കാൻ ജീവനക്കാർക്കെല്ലാം പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് പുതിയ വിഭജനം. കേന്ദ്രസർക്കാരിന്റേതിനു സമാനമായി സംസ്ഥാനത്തും ഉത്തരവാദിത്വ ഭരണ പരിശീലനം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശ അനുസരിച്ചാണിത്.

പി.എസ്.സി.യിൽനിന്നു നിയമന ശുപാർശ ലഭിച്ച ഉടൻ ജോലിയിൽ കയറുന്നു. പ്രാഥമിക പരിശീലനംപോലും ലഭിക്കുന്നില്ല. പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരാണ് പലപ്പോഴും പരിശീലനം നൽകുന്നത്. അവരുടെ രീതികളാണ് സ്വാധീനിക്കുന്നതും. ഈ സമ്പ്രദായം മാറ്റുകയാണ് ലക്ഷ്യം.

പരിശീലനത്തിലും പരീക്ഷയിലും വിജയിക്കുന്നവർക്കായിരിക്കും ഉദ്യോഗക്കയറ്റം. അഞ്ചോ അതിലധികമോ ഗ്രേഡ് നേടാത്തവർക്ക് മികവ് ആർജിക്കുന്നതുവരെ തുടർപരിശീലനം നൽകും. പരിശീലകരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കില്ല.

അതത് മേഖലകളിൽ സർക്കാരിനു പുറത്തുള്ള പ്രഗല്ഭരെ നിയോഗിക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ കീഴിൽ പ്രത്യേക പരിശീലനവിഭാഗം രൂപവത്കരിക്കും. പല വകുപ്പുകളിൽനിന്നും ജീവനക്കാരെ ഇവിടേക്ക് പുനർവിന്യസിക്കും. ഓൺലൈൻ പോർട്ടലും ആരംഭിക്കും. ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയവരെ മാത്രമേ ഗസറ്റഡ് തസ്തികയിലേക്ക് പരിഗണിക്കൂ. രണ്ടാംഘട്ട പരിശീലനം പൂർത്തിയാക്കിയവരെ മധ്യ മാനേജ്മെന്റ് തലത്തിലേക്കും സ്ഥാനക്കയറ്റത്തിന് പരിഗണിക്കും.

ഗസറ്റഡ്, മധ്യ മാനേജ്മെന്റ് തലത്തിലേക്ക് നേരിട്ട് നിയമിതരായവർക്ക് പ്രാരംഭംമുതൽ അതത് ഘട്ടത്തിലുള്ള പരിശീലനം ഒരുമിച്ച് നൽകും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി.) ആയിരിക്കും സംസ്ഥാനതലത്തിലെ അപെക്സ് പരിശീലന കേന്ദ്രം.

സപ്പോർട്ടിങ് സ്റ്റാഫ്: ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ്, ഡേറ്റാ എൻട്രി തുടങ്ങി ഓഫീസ് ജോലികളിൽ സഹായികളായി പ്രവർത്തിക്കുന്നവർ

കട്ടിങ് എഡ്ജ്: സർവീസിന്റെ തുടക്കത്തിൽ ജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടിവരുന്ന വില്ലേജ് ഓഫീസർ മുതലായ തസ്തികകളും ക്ലറിക്കൽ ജോലി ചെയ്യുന്നവരും

സൂപ്പർവൈസറി:സെക്ഷൻ ഓഫീസർമാർ, സീനിയർ അസിസ്റ്റന്റുമാർ തുടങ്ങി മേൽനോട്ടം വഹിക്കുന്നവർ

ലോവർ മാനേജ്മെന്റ്:അണ്ടർ സെക്രട്ടറി, സമാന തസ്തികയിലുള്ളവർ

മിഡിൽ മാനേജ്മെന്റ്:ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, വകുപ്പുകളിൽ ഇവർക്ക് തുല്യ തസ്തികയിലുള്ളവർ

സീനിയർ മാനേജ്മെന്റ്:സ്പെഷൽ സെക്രട്ടറി തലത്തിലുള്ളവർ. (ഐ.എ.എസുകാരെ ഈ വിഭജനത്തിൽ പരിഗണിച്ചിട്ടില്ല)