കുവൈറ്റ്: ഇറാഖ് അധിനിവേശ കാലത്ത്, 30 വര്‍ഷം മുമ്പ് കുവൈറ്റിൽ ജീവത്യാഗം ചെയ്‍ത 19 സൈനികരുടെ സംസ്‍കാര ചടങ്ങുകള്‍ നടത്തി കുവൈറ്റ്. കഴിഞ്ഞ ദിവസം സുലൈബിക്കാത്തില്‍ വെച്ചാണ് സൈനിക ബഹുമതികളോടെ ചടങ്ങുകള്‍ നടത്തിയത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സൈനിക മേധാവിയും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
1990-91 കാലഘട്ടത്തില്‍ സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ ഇറാഖ് സൈന്യം നടത്തിയ കുവൈറ്റ് അധിനിവേശ കാലത്ത് ജീവന്‍ ബലിയര്‍പ്പിച്ചവരുടെ സംസ്‍കാര ചടങ്ങുകളാണ് നടന്നത്. ഏറ്റവുമൊടുവില്‍ കണ്ടെത്തിയ ശരീര അവിശിഷ്‍ടങ്ങള്‍ ക്രിമിനല്‍ എവിഡന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഡി.എന്‍.എ പരിശോധന നടത്തിയതില്‍ നിന്നാണ് 19 സൈനികരുടേതാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പൂര്‍ണ സൈനിക ബഹുമതികളോടെ ഇവരുടെ സംസ്‍കാര ചടങ്ങുകള്‍ സംഘടിപ്പിക്കുകയായിരുന്നു.
ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് തമര്‍ അലി സബാഹ് അല്‍ സലീം അല്‍ സബാഹ്, വിദ്യാഭ്യാസ മന്ത്രി ഡോ. അലി അല്‍ മുദ്‍ഹഫ്, ഉന്നത വിദ്യാഭ്യാസ-പെട്രോളിയം കാര്യ മന്ത്രി ഡോ. മുഹമ്മദ് അല്‍ ഫരീസ്, കുവൈറ്റ് സൈനിക മേധാവി, ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി, നാഷണല്‍ ഗാര്‍ഡ് അണ്ടര്‍ സെക്രട്ടറി, സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ചെയര്‍മാന്‍, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, രക്ഷസാക്ഷികളായ സൈനികരുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അധിനിവേശ കാലത്ത് തടവിലാക്കപ്പെടുകയും കാണാതാവുകയും ചെയ്‍ത പൗരന്മാര്‍ രാജ്യത്തിന് വേണ്ടി ചെയ്‍ത ത്യാഗങ്ങളും സേവനങ്ങളും ദേശസ്‍നേഹത്തിന്റെ ഉത്തമ മാതൃകയാണെന്ന് നേതാക്കള്‍ അനുസ്‍മരിച്ചു. വീരമൃത്യുവരിച്ച സൈനികരുടെ ബന്ധുക്കള്‍ക്ക് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഞായറാഴ്‍ച പ്രത്യേക അനുശോചന സന്ദേശം അയച്ചിരുന്നു. ഡിഎന്‍എ പരിശോധനകളിലൂടെ കണ്ടെത്തിയ സൈനികരുടെ പേര് വിവരങ്ങളും അധികൃതര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.