കണ്ണൂർ: സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിലെ അപാകതകൾ ചൂണ്ടി കാണിച്ചവർക്കെതിരേ അക്കാദമിക് കൗൺസിൽ പ്രമേയം പാസാക്കിയതിൽ പ്രതിഷേധം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം ഉൾപ്പടെയുള്ള അഴിമതികൾ ചൂണ്ടി കാട്ടുകയും, പൊതുസമൂഹത്തിൽ ചർച്ചയാക്കുകയും ചെയ്യുന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ, കെപിസിടിഎ തുടങ്ങിയ സംഘടനകളെ അപലപിച്ചുകൊണ്ടാണ് ഇന്ന് ചേർന്ന അക്കാദമിക് കൗൺസിൽ യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചത്. യുഡിഎഫ് അംഗങ്ങളുടെ എതിർപ്പോടെ അംഗീകരിച്ചു.
വിസി ഡോ:ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന അവസാന യോഗമാണ് പ്രമേയം അംഗീകരിച്ചത്. യുജിസി യോഗ്യത ഇല്ലാത്തവർക്ക് രാഷ്ട്രീയസ്വാധീനം മാത്രം കണക്കാക്കി മികച്ച അക്കാദമിക നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെ പിൻതള്ളി നിയമനങ്ങൾ നൽകുന്നത് അക്കാദമിക് മേഖലയെ തകർക്കാൻ കരുതികൂട്ടിയുള്ള നടപടിയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. പഠന ബോർഡുകളിൽ അടിസ്ഥാന യോഗ്യത ഇല്ലാത്തവരെ തിരുകിക്കയറ്റി എന്നതും ഏറെ ചർച്ചയായിരുന്നു.
സർവകലാശാലയിൽ വിസിയുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതികൾക്കും സ്വജന പക്ഷേപാതങ്ങൾക്കുമെ തിരെ പോരാട്ടം നടത്തുന്ന സംഘടനകളെ ഇകഴ്ത്തി കാട്ടുന്ന തരത്തിൽ അക്കാദമിക് കൗൺസിൽ പ്രമേയം പാസ്സാക്കിയത് അപലപനീയമാണെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) അഭിപ്രായപെട്ടു. സർവകലാശാലയുടെ ഭാഗത്ത് സ്വജനപക്ഷപാതവും ബന്ധുനിയമനവും അടക്കമുള്ള ഗൗരവമുള്ള ആരോപണങ്ങളാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയും കെ പി സി ടി എ യും കുറച്ചു ദിവസങ്ങളിലായി ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.
നൂറിലധികം പ്രബന്ധങ്ങളു ള്ള വ്യക്തിയെ രണ്ടാം സ്ഥാനക്കാരനാക്കി രാഷ്ട്രീയസ്വാധീനം മാത്രം നോക്കി 11 പ്രബന്ധങ്ങൾ മാത്രം ഉള്ള അപേക്ഷകയെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസ്സറായി നിയമിക്കാൻ തീരുമാനിച്ചത് അക്കാദമിക് സമൂഹം അംഗീകരിക്കില്ല. . ഇത്തരം കാര്യങ്ങൾ പൊതുജനസമക്ഷം ഉയർത്തിയവർ കുറ്റം ചെയ്തതായി ബോധ്യമു ണ്ടെങ്കിൽ, ആരോപിതരായവർ തങ്ങൾക്ക് ഭൂരിപക്ഷമുള്ള അക്കാദമികൗൺസിലിൽ പ്രമേയം കൊണ്ടുവന്ന് അപലപിക്കുന്നതിന് പകരം ആക്ഷേപമുന്നയിക്കുന്നവർക്കെതിരെ നിയമനടപടിക്ക് മുതിരുകയാണ് വേണ്ടതെന്ന് കെ പി സി ടി എ സംസ്ഥാന പ്രസിഡൻറ് ഡോ യു അബ്ദുൽ കലാമും ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്തും അറിയിച്ചു.