മുന്നോക്കവിഭാഗങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്‌ഥ കണ്ടെത്താൻ സർവ്വേ ; ആര്‍ക്കോ വേണ്ടിയുള്ള പ്രഹസനമായി മാത്രം അവസാനിക്കുമെന്ന് എൻഎസ് എസ്

കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക സര്‍വേ ആര്‍ക്കോ വേണ്ടിയുള്ള പ്രഹസനമായി അവസാനിക്കുമെന്ന കടുത്ത വിമർശനവുമായി എൻഎസ് എസ്. സമുദായം ഉന്നയിച്ച ആവശ്യങ്ങള്‍ അവഗണിച്ചതിനെതിരേ എന്‍എസ്‌എസ്‌ മുഖപത്രമായ “സര്‍വീസി”ലാണ് വിമര്‍ശനം. മുന്നോക്ക സമുദായവിഭാഗങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്‌ഥ കണ്ടെത്താനുള്ള സാമൂഹിക സാമ്പത്തിക സര്‍വേയിലാണ്‌ എന്‍എസ്‌എസ്‌. എതിര്‍പ്പ് പ്രകടമാക്കിയത്. എന്‍.എസ്‌.എസിന്റെ ആവശ്യങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്നുള്ള കണ്ടെത്തലാണ്‌ കമ്മിഷന്റെ ഭാഗത്തുനിന്നും ഉണ്ടായത്‌. ഇതു തികച്ചും അപലപനീയമാണ്‌.

കമ്മിഷന്റെ നിലപാട്‌ പുനഃപരിശോധിച്ച്‌, രാജ്യത്ത്‌ സെന്‍സസ്‌ എടുക്കുന്ന രീതിയിലുള്ള വിവരശേഖരണത്തിലൂടെ സാമൂഹിക സാമ്പത്തികസര്‍വേ പൂര്‍ത്തീകരിക്കുകയാണ്‌ വേണ്ടത്‌. യോഗ്യരായ ഉദ്യോഗസ്‌ഥരെക്കൊണ്ട്‌ വിവരശേഖരണം നടത്തണമെന്നും എന്‍.എസ്‌.എസ്‌. ആവശ്യപ്പെട്ടു. മുന്നോക്കസമുദായങ്ങളെ സംബന്ധിച്ചായാലും സര്‍ക്കാരിനെ സംബന്ധിച്ചായാലും ഭാവിയില്‍ ഇതൊരു ആധികാരികരേഖയായി മാറേണ്ടതാണെന്ന് എൻഎസ് എസ് വ്യക്തമാക്കുന്നു.