റാഞ്ചി: തുടർച്ചയായ രണ്ടാം മത്സരവും ജയിച്ച് ട്വന്റി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ന്യൂസിലൻഡിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. കിവീസിന്റെ 154 റൺസ് വിജയലക്ഷ്യം ഇന്ത്യ 16 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും (55) കെ.എൽ രാഹുലുമാണ് (65) ഇന്ത്യൻ ജയം അനായാസമാക്കിയത്.
ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും 117 റൺസ് നേടി. രാഹുൽ പുറത്തായതിനു പിന്നാലെ അർധ സെഞ്ചുറി പൂർത്തിയാക്കി നായകനും മടങ്ങി. പിന്നാലെ സൂര്യകുമാർ യാദവും (1). ഇതോടെ ന്യൂസിലൻഡ് പിടിമുറിക്കിയെങ്കിലും പന്ത് (12) ഇന്ത്യൻ വിജയംവച്ചു താമസിപ്പിച്ചില്ല. കിടിലൻ രണ്ട് സിക്സറുകളിൽ ലക്ഷ്യം കടന്നു.
നേരത്തെ ഗുപ്റ്റിൽ (31) മിച്ചൽ (31), ഗ്ലെൻ ഫിലിപ്സ് (34) എന്നിവരുടെ പ്രകടനമാണ് ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഗുപ്റ്റിലും മിച്ചലും മികച്ച തുടക്കമാണ് നൽകിയത്. ഇന്ത്യൻ ബൗളർമാരിൽ ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മറ്റ് നാല് പേരും ഓരോ വിക്കറ്റ് സ്വന്തമാക്കി.