കുവൈറ്റ് : ലൈസൻസില്ലാതെ വാഹനമോടിച്ചതിന് കഴിഞ്ഞ പത്തു മാസത്തിനിടെ കുവൈറ്റിൽ പിടിയിലായത് 1808 കൗമാരക്കാർ. 2019ൽ ആകെ 435 പേർ പിടിയിലായ സ്ഥാനത്താണ് ഈ വർധന. 13 മുതൽ 16 വയസ് വരെയുള്ളവരാണ് പിടിയിലായവരിൽ അധികവും.
ഒക്ടോബർ അവസാനയാഴ്ച നടത്തിയ വാഹനപരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 475 കൗമാരക്കാർ പിടിയിലായിരുന്നു. ജഹ്റ, അഹ്മദി, ഫർവാനിയ ഗവർണറേറ്റുകളിലാണ് കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതേതുടർന്നാണ് കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകരുതെന്ന് ആഭ്യന്തരമന്ത്രാലയം രക്ഷിതാക്കൾക്ക് ശക്തമായ താക്കീത് നൽകിയത്.
കാര്യമായി ബോധവത്കരണം നടത്തിയിട്ടും കുട്ടി ഡ്രൈവർമാരുടെ എണ്ണം വർധിച്ചുവരുന്നത് അധികൃതർ ഗൗരവമായാണ് കാണുന്നത്. ലൈസൻസില്ലാതെ വാഹനമോടിച്ച് കുട്ടികൾ പിടിയിലായാൽ ഇവർക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസെടുക്കുകയും വാഹന ഉടമയായ രക്ഷിതാവിനെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകുകയും ചെയ്യും.