അബുദാബി: രാത്രിയില്‍ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമായി യുഎഇ. ഗാലപ്പ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ സൂചികയിലാണ് യുഎഇ ഒന്നാം സ്ഥാനത്തെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം പേരും യുഎഇയെ തെരഞ്ഞെടുത്തു.
93 ശതമാനം പേര്‍ തെരഞ്ഞെടുത്ത നോര്‍വേയാണ് രണ്ടാം സ്ഥാനത്തുള്ളത്. ക്രമസമാധാന സൂചികയില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ യുഎഇ രണ്ടാം സ്ഥാനത്തെത്തി. 93 പോയിന്റാണ് യുഎഇയ്ക്ക് ലഭിച്ചത്. 94 പോയിന്റ് നേടി നോര്‍വേ ഒന്നാം സ്ഥാനത്തെത്തി. ജനങ്ങള്‍ക്ക് സ്വന്തം സുരക്ഷയിലും നിയമവാഴ്ചയിലുമുള്ള വിശ്വാസം അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്.
ഒക്ടോബറില്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ വിമന്‍, പീസ്, സെക്യൂരിറ്റി സൂചികയിലും യുഎഇ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 98.5 ശതമാനം പേരാണ് യുഎഇയെ അനുകൂലിച്ചത്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന രാജ്യമായാണ് യുഎഇ തെരഞ്ഞെടുക്കപ്പെട്ടത്. 96.9 ശതമാനം ആളുകള്‍ അനുകൂലിച്ച സിംഗപ്പൂരാണ് രണ്ടാമതെത്തിയത്.