ന്യൂഡെൽഹി: വിദ്യാർഥികൾക്ക് മാത്രമല്ല, സ്കൂൾ അധ്യാപകർക്കും ഇനി മാർക്കുണ്ടാകും. അതിനായി രാജ്യത്തെ സ്കൂൾ അധ്യാപകരുടെ പ്രവർത്തനം വിലയിരുത്താൻ അപ്രൈസൽ സംവിധാനം വരുന്നു. ഇതിനായി നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ (എൻസിടിഇ) ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേഡ് ഫോർ ടീച്ചേഴ്സ് (എൻപിഎസ്ടി) എന്ന മാർഗരേഖയയുടെ കരട് തയ്യാറാക്കി.
അധ്യാപകരുടെ ശമ്പള വർധനയും സ്ഥാനക്കയറ്റവും സേവനകാലാവധിയുടെ അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും പുതിയ മാനദണ്ഡങ്ങൾ ഓരോ സംസ്ഥാനങ്ങളും പരിഗണിക്കണമെന്നുമാണ് കരടു മാർഗരേഖയിലെ ശുപാർശ. പല അധ്യാപകരും അക്കാദമിക മികവ് പുലർത്തുന്നില്ലെന്നുള്ള വിലയിരുത്തലിലാണ് മാറ്റങ്ങൾ നടപ്പാക്കുന്നത്.
ഇത് അനുസരിച്ച് അധ്യാപകരുടെ കരിയറിൽ ബിഗിനർ (പ്രഗമി ശിക്ഷക്), പ്രൊഫിഷ്യന്റ് (പ്രവീൺ ശിക്ഷക്), എക്സ്പർട്ട് (കുശാൽ ശിക്ഷക്), ലീഡ് (പ്രമുഖ് ശിക്ഷക്) എന്നിങ്ങനെ നാല് ഘട്ടങ്ങളുണ്ടാകും. ബിഗിനർ ആയാകും നിയമനം. മൂന്നു വർഷത്തിന് ശേഷം പ്രൊഫിഷ്യന്റ് തലത്തിലേക്ക് അപേക്ഷിക്കാം. തുടർന്ന് ഇതേ രീതിയിൽ വീണ്ടും മൂന്നു വർഷത്തിനുശേഷം എക്സ്പർട്ട് തലത്തിലേക്ക് അപേക്ഷിക്കാം. ഓരോ വർഷവുമുള്ള പ്രവർത്തന വിലയിരുത്തലിന്റേയും നേടുന്ന വിദഗ്ധ പരിശീലനത്തിന്റേയും അടിസ്ഥാനത്തിലാണ് ഓരോ തലത്തിലേക്കും അപേക്ഷിക്കേണ്ടത്. എക്സ്പർട്ട് ടീച്ചറായി അഞ്ചു വർഷം പ്രവർത്തിച്ച ശേഷമാകും ലീഡ് ടീച്ചറായി പരിഗണിക്കുക.
പ്രവർത്തന വിലയിരുത്തലിനും സ്ഥാനക്കയറ്റം അനുവദിക്കുന്നതിനുമുള്ള നിയന്ത്രണ സമിതിയായി പ്രവർത്തിക്കുക എൻസിടിഇ ആയിരിക്കും. ഇതിന് ഓൺലൈനായും ഓഫ്ലൈനായും മാർഗങ്ങൾ ആവിഷ്കരിക്കും. എല്ലാ വർഷവും 50 മണിക്കൂറെങ്കിലും തുടർ പരിശീലന പരിപാടിയിൽ പങ്കെടുക്കണം.
പരിശീലന കേന്ദ്രങ്ങളും പദ്ധതികളും എൻസിടിഇ തയ്യാറാക്കും. പ്രഫഷനൽ നിലവാര മാനദണ്ഡങ്ങൾ ഓരോ 10 വർഷം കൂടുമ്പോഴും വിലയിരുത്തി പരിഷ്കരിക്കും. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ ബോർഡുകൾക്കും ഈ മാറ്റങ്ങൾ ബാധകമാണ്. കരടു മാർഗരേഖയിൽ പൊതുജനങ്ങൾക്ക് ഡിസംബർ 16 വരെ നിർദേശങ്ങൾ സമർപ്പിക്കാം.