തൊടുപുഴ: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് വീണ്ടും തുറന്നു. രാവിലെ എട്ടിനാണ് മുല്ലപ്പെരിയാർ തുറന്നത്. 10ന് ഇടുക്കി അണക്കെട്ടും തുറക്കും. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ 40 സെ.മീ ആണ് തുറക്കുക.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തിയിരുന്നു. ഇടുക്കി അണക്കെട്ടിലും നീരൊഴുക്ക് ശക്തമാണ്. രാവിലെ ജലനിരപ്പ് 2,399.38 അടിയാണ്. അണക്കെട്ടുകൾ തുറക്കുന്നതിനു മുന്നോടിയായി പ്രദേശത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകി.ഇടുക്കി കല്ലാർ അണക്കെട്ട് രാത്രിയോടെ തുറന്നിരുന്നു. സെക്കൻഡിൽ 10,000 ലീറ്റർ വെള്ളമാണ് ഒഴുക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒൻപത് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.