തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്ത് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയയന് തുറന്ന കത്തുമായി മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് മുൻമേധാവിയും സ്വതന്ത്രഗവേഷകയും സാമ്പത്തിക ശാസ്ത്രജ്ഞയുമായ ഡോ. പത്മിനി സ്വാമിനാഥൻ. ദത്ത് വിഷയത്തിൽ ഭരണകക്ഷിയുടെ മാനം മാത്രമല്ല പ്രശ്നം. ഒരു കുഞ്ഞിനെ രക്ഷിതാക്കളിൽ നിന്ന് തട്ടിക്കൊണ്ടു പോവുക, മോഷ്ടിക്കുക, മുതലായ കുറ്റകൃത്യം തന്നെയാണ് ഇതെന്ന് സുവ്യക്തമാകുന്നുവെന്ന് പത്മിനി സ്വാമിനാഥൻ തുറന്ന കത്തിൽ പറയുന്നു.
നവംബർ ആറിന് ഹിന്ദു പത്രത്തിൽ വന്ന ലേഖനം വായിക്കാനിടയായി. അതിൽ തന്നിൽ നിന്നും തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് വേണ്ടി തിരഞ്ഞു കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരിയെ പറ്റിയായിരുന്നു പറഞ്ഞിരുന്നത്. റിപ്പോർട്ടിൽ പരാമർശിച്ച വിശദാംശങ്ങൾ വളരെ വിഷമിപ്പിക്കുന്നവയും ഞെട്ടിക്കുന്നവയുമാണ്. ഏറ്റവും മിതമായിപ്പറഞ്ഞാൽ. സാമൂഹ്യശാസ്ത്രജ്ഞരെന്ന നിലയിൽ ഞങ്ങൾ ഏറെ ബഹുമാനിക്കുകയും അനുകരണീയമെന്നു കരുതുകയും ചെയ്യുന്ന, സാമൂഹ്യവികസനത്തിന്റെ ഉത്തമമാതൃകയും വഴികാട്ടിയെന്നും നാം കരുതുന്ന, ഈ സംസ്ഥാനത്തിൽ നടന്ന ഈ സംഭവം എന്നെ അത്യധികം പിടിച്ചുലച്ചിരിക്കുന്നു.
ഭരണകക്ഷിയുടെ പ്രധാനപ്പെട്ട നേതാക്കളായ മാതാപിതാക്കളുടെ നിർദേശപ്രകാരമെന്നു തന്നെ കരുതാവുന്ന നീക്കങ്ങളിലൂടെ സർക്കാർ സംവിധാനം മുഴുവനും ഈ കുഞ്ഞിനെ അതിന്റെ മാതാപിതാക്കളിൽ നിന്ന് അകറ്റിനിർത്താൻ വിനിയോഗിച്ചു എന്ന കാര്യം വ്യക്തമാണ്. മാത്രമല്ല, ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ വഴിയിൽ പല സങ്കീർണവിഷയങ്ങളും മനപൂർവം കൂടിക്കുഴയ്ക്കപ്പെട്ടിരിക്കുന്നു. അവയെ മുഴുവൻ അഴിച്ചെടുത്താൽ മാത്രമേ പ്രശ്നം പരിഹരിക്കപ്പെടൂ. കുടുബത്തിന്റെയും പാർട്ടിയുടെയും പിതൃമേധാവിത്വ അടിത്തറ എത്രത്തോളം ആഴമുള്ളതും വിനാശകരവുമാണെന്ന് ഇതു വെളിവാക്കുന്നു.
വരികൾക്കിടയിൽ വായിക്കുമ്പോൾ അനുപമയെയും അജിത്തിനെയും പോലെ വഴിമാറി നടക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാനും അനുപമ ജനിച്ച കുടുംബത്തിന്റെ മാനം പുനസ്ഥാപിക്കാനും പരക്കെ ഗൂഢാലോചന നടന്നിരിക്കുന്നുവെന്നും വ്യക്തമാണെന്നും കത്തിൽ പറയുന്നു.
ധാർമ്മികതയുടെ പ്രശ്നങ്ങളെ മാറ്റിവച്ചാൽത്തന്നെയും നിയമത്തിന്റെ വശത്തു നിന്നും നോക്കുമ്പോൾ കുഞ്ഞിന്റെ മാതാപിതാക്കൾ പ്രായപൂർത്തിയായവരാണെന്ന് വ്യക്തമാണ്. പിന്നെ എന്തടിസ്ഥാനത്തിലാണ്, ആരുടെ പരാതിയിന്മേലാണ്, പല ഏജൻസികളുടെ സങ്കീർണമായ ഈ കൂട്ടുപ്രവർത്തനം നടന്നത്? ഭരണകക്ഷിയുടെ മാനം മാത്രമല്ല ഇവിടെ പ്രശ്നമെന്നു വ്യക്തമാണ്. ഒരു കുഞ്ഞിനെ രക്ഷിതാക്കളിൽ നിന്ന് തട്ടിക്കൊണ്ടു പോവുക, മോഷ്ടിക്കുക, മുതലായ കുറ്റകൃത്യം തന്നെയാണ് ഇതെന്ന് സുവ്യക്തമാകുന്നു.
സൽബുദ്ധി ഒടുവിൽ വിജയിക്കുമെന്നും, പല വകുപ്പുകൾ ചേർന്ന് കുട്ടിയെ കളഞ്ഞതാണോ, അതിനെ ദത്തുകൊടുത്തതാണോ, അതോ ഏൽപ്പിച്ചതാണോ എന്ന് അന്വേഷിച്ചുകണ്ടെത്താൻ സമയം വേണമെന്നും മറ്റുമുള്ള മുടന്തൻ ന്യായങ്ങൾ കൂടാതെ തന്നെ കുഞ്ഞ് മാതാപിതാക്കളുടെ കൈയിലെത്തുമെന്നുമുള്ള പ്രതീക്ഷയോടെയാണ് കത്തെഴുതുന്നത്. എന്നാൽ ഈ ദമ്പതിമാർ തന്നെയാണ് ജീവശാസ്ത്രപരമായ മാതാപിതാക്കൾ എന്നു സ്ഥീരികരിക്കുന്നതിന്റെ പേരിൽ ഡിഎൻഎ ടെസ്റ്റ് നടത്തുന്നത് ഇപ്പോൾ തന്നെ അങ്ങേയറ്റം കൂടിക്കുഴഞ്ഞ ഒരു വിഷയത്തെ പരിഹാരം കാണാനാവാത്തവിധം വഷളാക്കുകയെ ഉള്ളൂ എന്ന് ഭയപ്പെടുന്നുവെന്നും പത്മിനി സ്വാമിനാഥൻ പറയുന്നു.
രാജ്യത്തെ ഏറ്റവും പുരോഗമനസ്വഭാവമുള്ള സംസ്ഥാനത്തിന്റെ തലവനെന്ന നിലയ്ക്ക്, മുഖ്യമന്ത്രിയുടെ അധികാരമുപയോഗിച്ച് ഈ അമ്മയുടെ അന്വേഷണത്തിന് ശുഭപര്യവസാനം ഉറപ്പാക്കുകയും കുഞ്ഞിനെ അവർക്ക് തിരിച്ചുകൊടുക്കുകയും ചെയ്യുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ പറയുന്നു