കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ വൻതോതിൽ രാസലഹരിമരുന്ന് ഇടപാടുകൾ നടക്കുന്നുവെന്ന് പലവട്ടം വിവരം ലഭിച്ചിട്ടും റെയ്ഡിനെത്തിയ ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് മദ്യം മാത്രം. ഉദ്യോഗസ്ഥർ റെയ്ഡിന് എത്തുന്ന വിവരം മനസിലാക്കിയ ഹോട്ടൽ ജീവനക്കാർ ലഹരി വസ്തുക്കൾ മാറ്റുകയായിരുന്നുവെന്നാണ് സൂചന.
കസ്റ്റംസും എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി ഇവിടെ നടത്തിയ പരിശോധനയുടെ വിവരവും ചോർന്നു. അന്നു ലഹരി റാക്കറ്റിന്റെ കണ്ണികൾ ഹോട്ടലിന്റെ രണ്ടാം നിലയിൽ നിന്നു പിൻവശത്തുകൂടി താഴേക്കു ചാടി കടന്നുകളഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം കേരളത്തിലെ ലഹരി വ്യാപാര ശൃംഖലയെക്കുറിച്ചു കേരള പൊലീസിന്റെ പ്രത്യേക സെൽ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിലാണു കൊച്ചിയിലെ മുഖ്യ ലഹരി കേന്ദ്രങ്ങളുടെ പട്ടികയിൽ നമ്പർ 18 ഹോട്ടലും കടന്നുവരുന്നത്. മിസ് കേരള മത്സര ജേതാക്കളുടെ ദുരൂഹ അപകടമരണത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഹോട്ടൽ നേരത്തേ മുതൽ പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.
രഹസ്യാന്വേഷണത്തിൽ മികവു തെളിയിച്ച ഒരു ഡിഐജി, എസ്പി, ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണു സെൽ പ്രവർത്തിച്ചിരുന്നത്. 2020 ഡിസംബറിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണു കേരളത്തിലെ സിനിമാപ്രവർത്തകർക്കിടയിലെ ലഹരിയുടെ ഉപയോഗം കണ്ടെത്തി തടയുകയെന്ന ഉദ്ദേശ്യത്തോടെ സെല്ലിനു രൂപം നൽകിയത്.
തുടർന്ന് കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ചു ലഹരിയുടെ വ്യാപനം തടയുന്നതിലേക്കും സെല്ലിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു. ഇവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധനകൾ നടത്തി കേസുകൾ റജിസ്റ്റർ ചെയ്തു. എല്ലാ ജില്ലകളിലും ഹോട്ടലുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി പാർട്ടികളുടെ വിവരങ്ങൾ പ്രത്യേക സെല്ലിനു റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നു.
ഇതിനിടയിലാണു കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു നടക്കുന്ന നിശാപാർട്ടികൾക്കു ലഹരിയെത്തിക്കുന്നവരുടെ പട്ടിക പ്രത്യേക സെൽ ഡിജിപിക്കു കൈമാറിയത്. ഈ പട്ടികയിലാണു നമ്പർ 18 ഹോട്ടലും സ്ഥാനം പിടിച്ചത്.