തിരുവനന്തപുരം: അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ തിരികെ എത്തിക്കാൻ നടപടി. അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളിൽ തിരികെ എത്തിക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റിയാണ് ഇന്നലെ രാത്രി ഉത്തരവിറക്കിയത്. ശിശു ക്ഷേമ സമിതിക്കാണ് ഉത്തരവ് നൽകിയത്.
നിലവിൽ ആന്ധ്രയിൽ ഒരു ദമ്പതികളുടെ ഫോസ്റ്റർ കെയറിലാണ് കുട്ടി. കുട്ടിയെ നാട്ടിലെത്തിച്ചാൽ മാത്രമേ ഡി എൻ എ പരിശോധന അടക്കം നടത്താൻ കഴിയു. ഈ സാഹചര്യത്തിലാണ് കുട്ടിയെ തിരികെ എത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മറ്റി ഉത്തരവിറക്കിയത്. സിഡബ്ല്യൂസിയുടെ ഉത്തരവ് പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കി.
ശനിയാഴ്ച കേസ് കുടുംബ കോടതി പരിഗണിക്കാനിരിക്കെയാണ് ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ നീക്കം. കുഞ്ഞിന്റെ ഡി എൻ എ പരിശോധന ഉൾപ്പെടെ നടത്തി റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.
ഇതിനിടെ ഇന്ന് 11 ന് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുമ്പാകെ അനുപമ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. നടപടി ക്രമങ്ങളുടെ ഭാഗമാണെന്ന് ശിശുക്ഷേമ സമിതി പറയുന്നു.
അതേസമയം സമരം തുടരാനാണ് അനുപമയുടെ തീരുമാനം. കുഞ്ഞിന്റെ കാര്യത്തിൽ വ്യക്തമായ ഉറപ്പ് കിട്ടും വരെ സമരം തുടരുമെന്ന് അനുപമ പറയുന്നു.