കൊച്ചി: ശബരിമല ദര്‍ശനം സുഗമമമാക്കാന്‍ വ്യാഴാഴ്ച മുതല്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍. പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഹൈക്കോടതിയെ അറിയിച്ചു. സ്‌പോട്ട് ബുക്കിങ്ങിന് ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐ ഡി എന്നിവയ്ക്ക് പുറമേ പാസ്‌പോര്‍ട്ടും ഉപയോഗിക്കാം.
മുന്‍കൂര്‍ബുക്ക് ചെയ്യാത്ത തീര്‍ഥാടകര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. വെര്‍ച്വല്‍ക്യൂവിന് പുറമെയാണിത്. വെര്‍ച്വല്‍ക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയുന്നവിധം സോഫ്റ്റ് വെയറില്‍ മാറ്റംവരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വെര്‍ച്വല്‍ക്യൂവിന്റെ നിയന്ത്രണം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഇടത്താവളങ്ങളിലടക്കം സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ദേവസ്വവും സര്‍ക്കാരും ആലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എവിടെയൊക്കെ സ്‌പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാണെന്നത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു.