തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ വനിതാ ബാങ്ക് മാനേജരെ വാമനപുരം നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂനൻ വേങ്ങ സ്വദേശിനി ഷെമി (49)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ വാമനപുരം നദിയിൽ അരുവിപ്പുറം പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്.
തമിഴ്നാട്ടിൽ കാനറ ബാങ്ക് മാനേജരായ ഇവരെ ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു. കുടപ്പനക്കുന്നിലാണ് ഷെമി താമസിച്ചിരുന്നത്. എന്നാൽ കുറച്ചു ദിവസമായി ഇവർ വെഞ്ഞാറമൂട് കൂനൻ വേങ്ങയിലെ കുടുംബ വീട്ടിലായിരുന്നു താമസം.
മൃതദേഹം ഫയർഫോഴ്സും വെഞ്ഞാറമൂട് പോലീസും ചേർന്ന് കരയ്ക്കെത്തിച്ചു. പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.