തിരുവനന്തപുരം: രാത്രിയിലും പോസ്റ്റുമോർട്ടം നടത്താൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയെങ്കിലും കേരളത്തിലത് ഉടൻ പ്രാവർത്തികമാകില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഫോറൻസിക് ഡോക്ടർമാരടക്കം ജീവനക്കാരുടെ കുറവും തിരിച്ചടിയാണ്. ആദ്യഘട്ടത്തിൽ മെഡിക്കൽകോളജ് ആശുപത്രികളിലെങ്കിലും രാത്രികാല പോസറ്റുമോർട്ടം നടത്താനാകുമോയെന്നാണ് ആരോഗ്യവകുപ്പ് നോക്കുന്നത്.
രാത്രി പോസ്റ്റുമോർട്ടം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര ഉത്തരവ് വരുന്നതിനും 8 വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 2013 ഫെബ്രുവരി 23ന് കേരളം രാത്രികാല പോസ്റ്റ്മോർട്ടം അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. അവയവദാന പ്രക്രിയ അടക്കം പ്രോൽസാഹിപ്പിക്കുന്നതിന്റെ
ഭാഗമായിട്ടായിരുന്നു ഇത്. മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് വിദഗ്ധ കമ്മറ്റി കണ്ടെത്തുന്നവരിൽ അവയവദാനശേഷം രാത്രിയാണെങ്കിലും പോസ്റ്റുമോർട്ടം നടത്താം.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനായിരുന്നു ഉത്തരവ്. അതിനുമുമ്പ് പകൽ വെളിച്ചത്തിന് സമാനമായ ലൈറ്റും സംവിധാനങ്ങളും ഒരുക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പായില്ലെന്ന് മാത്രമല്ല ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളില്ലായ്മയും ചൂണ്ടിക്കാട്ടി ഉത്തരവ് കോടതി കയറി. മെഡിക്കോ ലീഡൽ സൊസൈറ്റി നൽകിയ ഹർജിയിൽ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
കേന്ദ്രത്തിന്റെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അത്രപെട്ടെന്ന് രാത്രികാല പോസ്റ്റുമോർട്ടം തുടങ്ങാനാകില്ലെന്ന് വ്യക്തം. പകൽ 9 മുതൽ വൈകിട്ട് 5 വരെ ചെയ്യുന്ന പോസ്റ്റുമോർട്ടത്തിന് ലഭിക്കുന്ന തരത്തിലുള്ള പ്രകാശ സംവിധാനം മോർച്ചറികളിൽ ഒരുക്കേണ്ടി വരും. കൊലപാതകം അടക്കം കേസുകളിൽ വിശദ പരിശോധന വേണ്ടിടത്ത് ചെറിയ ഒരു പിഴവ് പോലും തിരിച്ചടിയാകും. പല ആശുപത്രികളിലും മോർച്ചറി സ്ഥാപിച്ചിരിക്കുന്നത് ഒഴിഞ്ഞ പ്രദേശത്താകും. ആവശ്യത്തിന് കറണ്ടും ജനറേറ്ററും വെള്ളവും പോലും ഇല്ലാത്തയിടങ്ങളുമുണ്ട്. ഈ കുറവുകളെല്ലാം നികത്തി അത്യാധുനിക തരത്തിൽ മോർച്ചറികൾ മാറ്റേണ്ടിവരും. ലക്ഷകണക്കിന് രൂപ ചെലവഴിച്ചാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളു.
ആരോഗ്യ വകുപ്പിലടക്കം ഫോറൻസിക് സർജന്മാരെ കൂടുതലായി നിയമിക്കേണ്ടി വരും. ഒപ്പം മറ്റു ജീവനക്കാരുടെ കുറവും നികത്തേണ്ടി വരും.ഇത് എളുപ്പത്തിൽ നടക്കില്ലെന്ന് ഡോക്ടർമാർ തന്നെ പറയുന്നു. ഉത്തരവ് നടപ്പാക്കിയാൽ അപകട മരണങ്ങളിലെ പോസ്റ്റുമോർട്ടം
വേഗത്തിൽ നടപ്പാക്കാനാകുമെങ്കിലും ഇത്തരം കേസുകൾ ഏറെ എത്തുന്ന താലൂക്ക് ജില്ല ജനറൽ ആശുപത്രികളിൽ പലതിലും സൗകര്യങ്ങളില്ലെന്നതാണ് യാഥാർഥ്യം.
അതേസമയം അത്യാധുനിക മോർച്ചറി സംവിധാനങ്ങളുള്ള തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികൾ പോലെയുള്ള ഇടങ്ങളിൽ രാത്രികാല പോസ്റ്റുമോർട്ടം നടക്കുമോയെന്നാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. മസ്തിഷ്ക മരണാനന്തര അവയവദാനം ചെയ്യുന്നവരുടെ കാര്യത്തിലെങ്കിലും രാത്രികാല പോസ്റ്റുമോർട്ടം നടത്താനാകുമോയെന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം സംവിധാനങ്ങൾ എല്ലാം ഒരുക്കിയാൽ മാത്രം രാത്രികാല പോസ്റ്റുമോർട്ടത്തിനോടും സഹകരിക്കാമെന്നാണ് ഫോറൻസിക് സർജന്മാരുടെ സംഘടനയുടെ നിലപാട്.