തിരിച്ചറിയൽ കാർഡും ലൈസൻസും ഇല്ലാത്ത വഴിയോര കച്ചവടം വിലക്കി ഹൈക്കോടതി

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ ഡിസംബർ ഒന്ന് മുതൽ തിരിച്ചറിയൽ കാർഡും ലൈസൻസും ഇല്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി. ഉത്തരവ് കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്താൻ ജില്ലാ കളക്ടറെയും സിറ്റി പോലീസ് കമ്മീഷണറേയും കോടതി സ്വമേധയാ കേസിൽ കക്ഷി ചേർത്തു.

വഴിയോര കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച 2014 ലെ കേന്ദ്ര നിയമം നടപ്പിലാക്കാൻ ഉടൻ നടപടികൾ വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നവംബർ 30 നകം അർഹരായവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യണം. പുനരധിവാസത്തിന് അർഹരായ വഴിയോര കച്ചവടക്കാർക്ക് ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.

ഇത്തരം അപേക്ഷകൾ ലഭിച്ചാൽ ഒരു മാസത്തിനകം കമ്മറ്റി തീരുമാനമെടുക്കണം. ഈ അപേക്ഷകർക്ക് ലൈസൻസും തിരിച്ചറിയൽ കാർഡും ലഭിക്കുന്ന മുറയ്ക്ക് മാത്രമെ വഴിയോര കച്ചവടത്തിന് അനുമതി ലഭിക്കുകയുള്ളൂ. അർഹരെന്ന് കണ്ടെത്തിയ 876 പേരിൽ 700 പേർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തതായി കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു.