പാലക്കാട്: മമ്പുറത്ത് ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയത് പരിശീലനം ലഭിച്ച തീവ്രവാദികളെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയത്. 2020 മുതൽ സഞ്ജിത്തിനെ വധിക്കാനുള്ള നീക്കം എസ്ഡിപിഐ സംഘം തുടങ്ങി എന്നാണ് വ്യക്തമാകുന്ന വിവരം എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ പോലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. നിയമങ്ങൾ പൂർണമായും തകർന്നിരിക്കുകയാണ്. എസ്ഡിപിഐ സംഘങ്ങളെ സഹായിക്കുന്ന നിലപാടാണ് സർക്കാരും പോലീസും സ്വീകരിച്ചിരിക്കുന്നത്.
24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനോ ഇതിന്പിന്നിലുള്ള അന്വേഷണം ശക്തമാക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസ് പക്ഷാപാതപരമായിട്ടാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ രണ്ട് കൊലപാതകമാണ് എസ്ഡിപിഐ നടത്തിയത്. തൃശ്ശൂരിലെ ചാവക്കാട്ടും, പാലക്കാട്ടും രണ്ട് ചെറുപ്പക്കാരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഈ കൊലപാതകങ്ങൾ എല്ലാം പരിശോധിച്ചാൽ നേരത്തെ നടന്ന സമാനമായ രീതിയിൽ തന്നെയാണ് ഇതും നടന്നിരിക്കുന്നത്. തലക്കാണ് വെട്ടേറ്റത്.
വളരെ ശക്തമായ ആയുധങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ പരിശീലനം ലഭിച്ച ആളുകളാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഗവർണറോട് ഈ കൊലപാതകത്തിന്റെ കേസ് എൻഐഎക്കു കൈമാറാൻ സംസ്‌ഥാന ഗവൺമെന്റിനോട് ആവശ്യപ്പെടണം എന്നാണ് അഭ്യർഥിച്ചത്. അതിന് ആവശ്യമായ നിവേദനമാണ് നൽകിയത്.
മുഖ്യമന്ത്രിയോടും ഈ കൊലപാതകത്തിന്റെ കേസ് എൻഐഎക്ക് കൈമാറണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം ഇതിൽ തീവ്രവാദ സംഘടനകളുടെ ശക്തമായ ഇടപെടലുണ്ട്. കേരള പോലീസിന്റെ കൈകളിൽ കൂച്ചുവിലങ് ഇട്ടിരിക്കുകയാണ്. എസ്ഡിപിഐയും സിപിഎമ്മും ചേർന്നുള്ള ഭരണമാണ് ഷൊർണൂർ മുനിസിപ്പാലിറ്റിയിൽ നടക്കുന്നത്.
രാഷ്ട്രീയ ഇടപെടലിന്റെ ഫലമായിട്ടാണ് കേസ് ഇഴഞ്ഞു നീങ്ങുന്നതും പ്രതികൾ ശിക്ഷിക്കപെടാതെ പോകുന്നതും. ഇതിൽ ഗൂഢാലോചഹ്ന നടന്നിട്ടുണ്ടെങ്കിൽ ആ ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇതിന് വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയും കാണാൻ തീരുമാനിച്ചിട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ 9 മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. ഭാര്യയെ നഗരത്തിലെ ജോലിസ്ഥത്തേക്ക് കൊണ്ടുപോകുമ്പോൾ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അർഷികയ്‌ക്ക് മുന്നിൽ വച്ച് വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സഞ്ജിത്ത് മരിച്ചിരുന്നു. ശരീരത്തിൽ മുപ്പതോളം വെട്ടുകൾ ഉണ്ടായിരുന്നു.