പ്രണയം നടിച്ച് ബംഗാളിൽനിന്നും വിദ്യാർഥിനിയായ പതിനാറുകാരിയെ തട്ടിക്കൊണ്ടുവന്ന യുവാവ് പിടിയിൽ

കണ്ണൂർ: പ്രണയം നടിച്ച് പശ്ചിമ ബംഗാളിൽനിന്നും പത്താംക്ലാസ് വിദ്യാർഥിനിയായ പതിനാറുകാരിയെ തട്ടിക്കൊണ്ടുവന്നയാൾ പയ്യന്നൂർ പോലീസിന്റെ പിടിയിലായി. ഔറംഗബാദിലെ രാഹുൽ റോയ്(23)യെയാണ് പയ്യന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയും ഒരു കുട്ടിയുടെ പിതാവുമായ രാഹുൽ റോയ് പ്രണയം നടിച്ചാണ് പതിനാറുകാരിയുമായി നാടുവിട്ടത്.

വിവരമറിഞ്ഞ ബന്ധുക്കൾ പയ്യന്നൂരിലും പരിസരങ്ങളിലുമായി മുൻപ് ഇയാൾ ജോലിചെയ്തിരുന്നതായി മനസ്സിലാക്കിയതിനാൽ തൊട്ടുപിന്നാലെ വന്ന ട്രെയിനിൽ ഇവരെ പിന്തുടരുകയായിരുന്നു. ഇതിനിടയിൽ ഔറംഗബാദ് പോലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് പയ്യന്നൂർ എസ്.ഐ. പി.വിജേഷിന്റെ നേതൃത്വത്തിലും അന്വേഷണമാരംഭിക്കുകയായിരുന്നു.

പയ്യന്നൂർ റെയിൽവേസ്റ്റേഷനിലെത്തിയ ബന്ധുക്കൾ റെയിൽവേ സ്റ്റേഷനിൽനിന്നും ഇരുവരേയും കണ്ടെത്തുകയും സ്ഥലത്തെത്തിയ പോലീസ് രാഹുൽ റോയിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതിന് ഔറംഗബാദിൽ കേസെുത്തിട്ടുള്ളതിനാൽ പശ്ചിമ ബംഗാൾ പോലീസിന്റെ നിർദേശ പ്രകാരമാണ് പയ്യന്നൂർ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. വെസ്റ്റ് ബംഗാൾ പോലീസിന് യുവാവിനെ കൈമാറും.